x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വാ​സ​പ്പൊ​ലി​മ​യി​ൽ ക്നാ​നാ​യ മ​ല​ങ്ക​ര പു​ന​രൈ​ക്യം


Published: July 6, 2026 05:48 AM IST | Updated: July 6, 2026 05:48 AM IST

ചെ​ങ്ങ​ന്നൂ​ർ: ത​ല​മു​റ​ക​ൾ കൈ​മാ​റി​വ​ന്ന വി​ശ്വാ​സ പാ​ര​മ്പ​ര്യം വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ക്നാ​നാ​യ സ​മൂ​ഹം ക​ത്തോ​ലി​ക്കാ സ​ഭ​യു​മാ​യി പു​ന​രൈ​ക്യ​പ്പെ​ട്ട​തി​ന്‍റെ 105-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​മ്പോ​ൾ, അ​ത് കേ​ര​ള സ​ഭാ​ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ അ​ധ്യാ​യ​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി. ക​ല്ലി​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​സ​ന ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​കാ​ഘോ​ഷം ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽനി​ന്നെ​ത്തി​യ വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ന്‍റെ സം​ഗ​മ​ഭൂ​മി​യാ​യി മാ​റി.

വി​ദേ​ശ​ത്തു​നി​ന്നും മ​റു​നാ​ടു​ക​ളി​ൽനി​ന്നും കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നും നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പു​ന​രൈ​ക്യ വാ​ർ​ഷി​ക​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ക​ല്ലി​ശേ​രി​യി​ൽ എ​ത്തി​യ​ത്. വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​യി​രു​ന്നു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്കം.

എ​ഡി 52ൽ ​മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ആ​ഗ​മ​ന​ത്തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ൽ ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്. തു​ട​ർ​ന്ന് എ​ഡി 345ൽ ​കൊ​ടു​ങ്ങ​ല്ലൂ​ർ ക്നാ​യി തോ​മാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​ർ​ഷ്യ​യി​ൽ (ഇ​ന്ന​ത്തെ ഇ​റാ​ഖ്) നി​ന്നു​ണ്ടാ​യ കു​ടി​യേ​റ്റം കേ​ര​ള സ​ഭ​യ്ക്ക് പു​തി​യ ജീ​വ​നും ക​രു​ത്തും പ​ക​ർ​ന്നു. 72 സു​റി​യാ​നി കു​ടും​ബ​ങ്ങ​ളി​ലാ​യി എ​ത്തി​യ 400 പേ​ര​ട​ങ്ങു​ന്ന ഈ ​കു​ടി​യേ​റ്റ സം​ഘം ത​ങ്ങ​ളു​ടെ ത​ന​താ​യ പാ​ര​മ്പ​ര്യ​വും സ്വ​വം​ശ വി​വാ​ഹ​നി​ഷ്ഠ​യും കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് തെ​ക്കും​ഭാ​ഗ​ർ എ​ന്ന പേ​രി​ൽ ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​മാ​യി ഇ​ന്നും നി​ല​കൊ​ള്ളു​ന്നു.

പ​തി​നാ​റാം നൂ​റ്റാ​ണ്ടു​വ​രെ ഒ​രേ വി​ശ്വാ​സ​ത്തി​ലും ആ​രാ​ധ​നാ​ക്ര​മ​ത്തി​ലും ക​ഴി​ഞ്ഞി​രു​ന്ന കേ​ര​ള സ​ഭ​യി​ൽ, പോ​ർ​ച്ചു​ഗീ​സ് മി​ഷ​ന​റി​മാ​രു​ടെ ഇ​ട​പെ​ട​ലു​ക​ളും 1599ലെ ​ഉ​ദ​യം​പേ​രൂ​ർ സൂ​ന​ഹ​ദോ​സും വി​ഭ​ജ​ന​ത്തി​ന്‍റെ വി​ത്തു​ക​ൾ പാ​കി. പാ​ശ്ചാ​ത്യ അ​ധി​നി​വേ​ശ​ത്തി​നെ​തി​രേ 1653ൽ ​ന​ട​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കൂ​ന​ൻകു​രി​ശ് സ​ത്യം സു​റി​യാ​നി സ​ഭ​യെ പ​ഴ​യ​കൂ​ർ (ക​ത്തോ​ലി​ക്ക​ർ), പു​ത്ത​ൻ​കൂ​ർ (യാ​ക്കോ​ബാ​യ​ക്കാ​ർ) എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി പി​ള​ർ​ത്തി. ഈ ​വി​ഭ​ജ​നം ക്നാ​നാ​യ സ​മു​ദാ​യ​ത്തെ​യും ബാ​ധി​ക്കു​ക​യു​ണ്ടാ​യി. സ​മു​ദാ​യ​ത്തി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​ലും മ​റ്റൊ​രു വി​ഭാ​ഗം യാ​ക്കോ​ബാ​യ സ​ഭ​യി​ലു​മാ​യി നി​ല​കൊ​ണ്ടു.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക്നാ​നാ​യ യാ​ക്കോ​ബാ​യ​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക ഭ​ദ്രാ​സ​ന​വും (1910), ക​ത്തോ​ലി​ക്ക​ർ​ക്കാ​യി കോ​ട്ട​യം രൂ​പ​ത​യും (1911) സ്ഥാ​പി​ത​മാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക്നാ​നാ​യ സ​ഹോ​ദ​ര​ങ്ങ​ൾ ക​ത്തോ​ലി​ക്കാ സ​ഭ​യു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. ത​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത ആ​രാ​ധ​നാ​ക്ര​മ​മാ​യ മ​ല​ങ്ക​ര റീ​ത്ത് നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഭാ​ഗ​മാ​കു​ക എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ പ്ര​ധാ​ന നി​ബ​ന്ധ​ന.


അ​ന്ന​ത്തെ കോ​ട്ട​യം ക്നാ​നാ​യ​ക​ത്തോ​ലി​ക്കാ മെ​ത്രാ​നാ​യി​രു​ന്ന മാ​ർ അ​ല​ക്സാ​ണ്ട​ർ ചൂ​ള​പ്പ​റ​മ്പി​ൽ പി​താ​വി​നെ അ​വ​ർ സ​മീ​പി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യി, 1921 ജൂ​ലൈ അ​ഞ്ചി​ന് ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ക്ന​നാ​യ​ക്കാ​ർ​ക്ക് മ​ല​ങ്ക​ര റീ​ത്ത് പി​ന്തു​ട​രു​ന്ന​തി​ന് പ​രി​ശു​ദ്ധ സിം​ഹാ​സ​നം ഔ​ദ്യോ​ഗി​ക അ​നു​മ​തി ന​ൽ​കി. ഇ​തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ പു​നരൈ​ക്യം യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​യി​രു​ന്നു.


ക​ത്തോ​ലി​ക്കാ സ​ഭ​യു​മാ​യി പു​ന​രൈ​ക്യ​പ്പെ​ട്ട​തി​ന്‍റെ 105-ാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ൾ കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള 15 മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​ക​ളി​ലാ​യി ഈ ​സ​മൂ​ഹം വി​ശ്വാ​സ​ദീ​പ്തി​യോ​ടെ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്നു. ഈ ​പ​ള്ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും തി​രു​വ​ല്ല പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

മ​ല​ങ്ക​ര ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഉ​ന്ന​മ​ന​ത്തി​നും വ​ള​ർ​ച്ച​യ്ക്കു​മാ​യി 2020 മു​ത​ൽ കോ​ട്ട​യം അ​തി​രൂ​പ​ത​യി​ൽ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം സ​ഹാ​യ മെ​ത്രാ​നാ​യി ശു​ശ്രൂ​ഷ ചെ​യ്തു​വ​രു​ന്നു.പൂ​ർ​വി​ക​ർ പ​ക​ർ​ന്നു​ന​ൽ​കി​യ ആ ​വി​ശ്വാ​സ​ദീ​പം നെ​ഞ്ചി​ലേ​റ്റി​ക്കൊ​ണ്ട് ക​ല്ലി​ശേരി​യി​ൽ ന​ട​ന്ന ഈ 105–ാ​മ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​കാ​ഘോ​ഷം സ​മു​ദാ​യ ച​രി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി.

ക്നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​ർ മാ​തൃ​ക​യെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

ചെ​ങ്ങ​ന്നൂ​ർ: ക്നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​ർ ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തി​ന് എ​ന്നും മാ​തൃ​ക​യാ​ണെ​ന്നും അ​വ​ർ സ​മൂ​ഹ​ത്തി​ന് ന​ൽ​കി​വ​രു​ന്ന സം​ഭാ​വ​ന​ക​ൾ മ​ഹ​ത്വ​ര​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. 105-ാമ​ത് ക്നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പു​ന​രൈ​ക്യ വാ​ർ​ഷി​കം ക​ല്ലി​ശേ​രി സെന്‍റ് മേ​രീ​സ് ക്നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക മെ​ത്രാ​സ​ന ദേ​വാ​ല​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൂ​ടു​ത​ൽ മ​ക്ക​ൾ ഉ​ള്ള ദ​മ്പ​തി​ക​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ​യും അ​ദ്ദേ​ഹം ആ​ദ​രി​ച്ചു. കാ​രു​ണ്യ ഫ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. സു​ധീ​ർ നെ​ടി​യ​ഴു​ത്തി​ൽനി​ന്ന് ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി. മ​ല​ങ്ക​ര ഫൊ​റോ​നാ വി​കാ​രി ഫാ. ​റെ​ന്നി ക​ട്ടേ​ൽ

കെ​സി​സി മ​ല​ങ്ക​ര ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് സാ​ബു പാ​റാ​നി​ക്ക​ൽ, അ​തി​രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗം സ​ജി വെ​ള്ള​വ​ന്താ​നം, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ൽ​വി​ത​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഫാ. ​ജി​ലേ​ഷ് പു​ഴ​ക്ക​രോ​ട്ട്, പാ​രി​ഷ് ഭാ​ര​വാ​ഹി​ക​ൾ, സു​ധീ​ർ നെ​ടി​യു​ഴ​ത്തി​ൽ, റ​ജി കി​ഴ​ക്കേപ്പ​റ​മ്പി​ൽ, സി​സ്റ്റ​ർ എ​ബി​ൻ എ​സ് വി​എം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : nattu vishesham Knanaya-Malankara Reunion Celebrated

Recent News

Corehub Up