കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സ്മാരക മന്ദിരം (ജി സ്മാരകം), പി ആന്ഡ് ടി ക്വാര്ട്ടേഴ്സ് അപ്പാര്ട്ട്മെന്റ് സമുച്ചയം എന്നിവയുടെ നിര്മാണത്തിലുണ്ടായ വീഴ്ചകളെക്കുറിച്ചും നിലവിലെ ദുരവസ്ഥയെക്കുറിച്ചും വിജിലന്സ് അന്വേഷണം നടത്താന് സംസ്ഥാന സര്ക്കാരിനോട് ശിപാര്ശ ചെയ്യുമെന്ന് കൊച്ചി കോര്പറേഷന് അറിയിച്ചു.
ഇന്നലെ ചേര്ന്ന കോര്പറേഷന് കൗണ്സില് യോഗത്തിലാണ് മേയര് വി.കെ. മിനിമോള് ഇക്കാര്യം വ്യക്തമാക്കിയത്. മുന് മുഖ്യമന്ത്രി പിണറായി വിജയന് 2024 ഫെബ്രുവരിയില് ഉദ്ഘാടനം ചെയ്ത ജി സ്മാരകം ഏകദേശം ആറ് കോടി രൂപ ചെലവഴിച്ചാണ് നിര്മിച്ചത്. ജി.സ്മാരക നിര്മാണത്തില് നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്ന അഴിമതിക്കെതിരെ യോഗത്തില് യുഡിഎഫ് കൗണ്സിലര്മാര് കടുത്ത വിമര്ശനം ഉന്നയിച്ചു. സമീപത്തു നടന്ന പൊതുമരാമത്ത് വകുപ്പിന്റെ നിര്മാണ പ്രവര്ത്തനങ്ങളാണ് സ്മാരകം ചരിഞ്ഞുപോകാന് കാരണമെന്ന വാദം വകുപ്പ് സമര്പ്പിച്ച റിപ്പോര്ട്ടില് തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് മേയര് ചൂണ്ടിക്കാട്ടി.
നിര്മാണ വേളയിലെ വാഹന ഗതാഗത വര്ധനവാണ് ഇതിന് കാരണമെന്നാണ് ബന്ധപ്പെട്ട കണ്സള്ട്ടന്സിയുടെ വാദം.എന്നാല് നിലവാരമില്ലാത്ത നിര്മാണത്തിന് ഉത്തരവാദികളായവരെ യാതൊരു കാരണവശാലും ഒഴിവാക്കാനാവില്ലെന്നും, അല്ലാത്തപക്ഷം അത് ഭാവി പദ്ധതികള്ക്ക് തെറ്റായ സന്ദേശം നല്കുമെന്നും മേയര് പറഞ്ഞു. കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടിവരുന്ന ചെലവ് ഉത്തരവാദികളില് നിന്ന് ഈടാക്കണമെന്നും അവര് കൂട്ടിച്ചേര്ത്തു.