ഷാബീർ ഷാൻ
സുൽത്താൻ ബത്തേരി: 7.35 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവിനെ ബത്തേരി പെലിസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി.
കോഴിക്കോട് താമരശേരി രാരോത്ത് അക്കരപ്പറന്പിൽ ഷാബീർ ഷാൻ (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം മുത്തങ്ങ പൊലിസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. കർണാടക ഭാഗത്തുനിന്ന് വരികയായിരുന്ന കർണാടക ആർടിസി ബസിൽ നടത്തിയ പരിശോധനയ്ക്കിടെ പൊലിസിനെ കണ്ട് പരിഭ്രമിച്ച യുവാവിനെ പരിശോധിക്കുകയായിരുന്നു. തുടർന്ന് പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കൂൾ ലിപ് പാക്കറ്റിനുള്ളിൽ പൊതിഞ്ഞ നിലയിൽ 7.35 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
മയക്കുമരുന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.വി. അജീഷ്, എഎസ്ഐ പി.കെ. സുമേഷ്, സീനിയർ സിവിൽ പൊലിസ് ഓഫിസർ പി. അഭിലാഷ്, സിവിൽ പൊലിസ് ഓഫിസർ സിജോ ജോസ് എന്നിവരും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധനയും അറസ്റ്റും നടത്തിയത്.
Tags : District News Nattuvishesham MDMA