പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനായില്ല. പൊക്കിള്‍കൊടി പോലും പൂര്‍ണമായി മാറ്റാതെ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും മാതാപിതാക്കളെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് വെള്ളയില്‍ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സമീപത്തെ സിസിടിവി ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതായും എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചവരെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു.
ഈ മാസം 18ന് ബീച്ചിന്റെ പരിസരത്ത് രാവിലെ നടക്കാനിറങ്ങിയവരാണ് മണലില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അവര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നര വരെ ആ മൃതദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നാണ് പൊലിസ് പറയുന്നത്. രാത്രിയും ബീച്ച് പരിസരത്ത് പൊലിസ് പട്രോള്‍ നടത്തിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
കുഞ്ഞിന്റെ പോസ്റ്റമോര്‍ട്ടം നടത്തിയപ്പോള്‍ കുഞ്ഞ് ജനിക്കുന്നതിന് മുമ്പെ മരണപ്പെട്ടതായാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും പൊലിസ് സ്റ്റേഷന് അധികൃതര്‍ അറിയിച്ചിരുന്നു. പ്രസവത്തില്‍ കുഞ്ഞ് മരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉപേക്ഷിച്ച് പോയതാകാനാണ് സാധ്യതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞിന്റെ മൃതദേഹം നിലവില്‍ ബീച്ച് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Tags : Case of newborns body found newborns body NattuVishesham DistrictNews