പൊന്നാരംതോട്ടം കോട്ടൂതാഴെ ഭാഗത്ത് റെയില്‍വേ ട്രാക്കിന് സമീപം ഇരുമ്പ് വേലികെട്ടി വഴിയടച്ച നിലയില്‍.
മാവേലിക്കര: ജന്മനാ 85 ശതമാനം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന അനൂപിന് സുമനസുകളുടെ കാരുണ്യത്താല്‍ നിര്‍മിച്ചു നല്കിയ സ്വപ്നവീടിന്റെ പടിവാതില്ക്കല്ത്തന്നെ വഴിയടച്ച് റെയില്‍വേയുടെ ക്രൂരത. ഗൃഹപ്രവേശന ചടങ്ങുകള്‍ 29ന് നടക്കാനിരിക്കെ, വീട്ടിലേക്കുള്ള ഏക സഞ്ചാരപാത റെയില്‍വേ അധികൃതര്‍ അടച്ചുകെട്ടിയതോടെ നാല്‍പ്പതുകാരനായ അനൂപും കുടുംബവും കടുത്ത നിസഹായാവസ്ഥയിലാണ്.
മാവേലിക്കര പൊന്നാരംതോട്ടം ചാലിശേരില്‍ വീട്ടില്‍ അനൂപ്, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളോടും ഒറ്റയ്ക്ക് പടവെട്ടിയാണ് മുന്നോട്ട് പോയിരുന്നത്. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആയ എം.ജി. മനോജിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ ഒരു വീഡിയോയിലൂടെയാണ്, തന്റെ വീല്‍ചെയര്‍ സുഗമമായി കയറാവുന്ന ഒരു കൊച്ചുവീട് എന്ന ആഗ്രഹം അനൂപ് ലോകത്തെ അറിയിച്ചത്. ഈ നോവ് തിരിച്ചറിഞ്ഞ കരുനാഗപ്പള്ളി കെന്നഡി സ്കൂള്‍ അധികൃതര്‍
മാവേലിക്കര നഗരസഭ 19-ാം വാര്‍ഡില്‍ പൊന്നാരംതോട്ടം കോട്ടൂതാഴെ ഭാഗത്ത് നാല് സെന്റ് ഭൂമി വാങ്ങി നല്‍കുകയും ഒറ്റപ്പാലം സിഎംഎന്‍ ട്രസ്റ്റ് അനൂപിനായി വീട് നിര്‍മിച്ചു നല്‍കുകയുമായിരുന്നു.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ താക്കോല്‍ദാനം നിര്‍വഹിച്ച ആ സ്നേഹവീടാണ് ഇന്ന് വഴിയില്ലാത്ത അവസ്ഥയില്‍ എത്തപ്പെട്ടിരിക്കുന്നത്. പൂഴിമണ്ണ് നിറഞ്ഞ പ്രദേശമായതിനാല്‍ അനൂപിന്റെ വീല്‍ചെയര്‍ വീടിനുള്ളിലേക്ക് കയറണമെങ്കില്‍ മുറ്റത്ത് ടൈലുകള്‍ പാകി നിരപ്പാക്കേണ്ടതുണ്ട്. ഇതിനുപുറമെ വീടിന്റെ അവസാനഘട്ട മിനുക്കുപണികളും ബാക്കിയാണ്. എന്നാല്‍, വഴി അടച്ചതോടെ നിര്‍മാണ സാമഗ്രികള്‍ പോലും വീട്ടിലേക്ക് എത്തിക്കാന്‍ കഴിയാത്ത ദുരവസ്ഥയാണ്. റെയില്‍വേ കനിഞ്ഞില്ലെങ്കില്‍ അനൂപിന്റെ മുച്ചക്രവാഹനത്തിനു പോലും സ്വന്തം വീട്ടുമുറ്റത്തേക്ക് എത്താന്‍ കഴിയില്ല.
പൊന്നാരംതോട്ടം കോട്ടൂതാഴെ ഭാഗത്ത് റയില്‍വേ ട്രാക്കിന് സമീപത്തായുള്ള വഴിയായിരുന്നു പ്രദേശവാസികള്‍ കാലങ്ങളായി ഉപയോഗിച്ചു വന്നിരുന്നത്. റെയില്‍വേ ഭൂമിയില്‍ വേലികെട്ടുന്നതിന്റെ ആദ്യഘട്ടമായാണ് വഴി അടച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍, റെയില്‍വേ പാളത്തിന് സമീപത്തെ ഉണങ്ങിയ പുല്ലിന് തീപിടിച്ച സംഭവത്തില്‍ നാട്ടുകാരോട് വൈരാഗ്യം തീര്‍ക്കാനാണ് പെട്ടെന്നൊരു ദിവസം വഴി അടച്ചതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. അനൂപിന്റെ വീടിനു പുറമേ നിരവധി കുടുംബങ്ങളുടെ ആശ്രയവും കമ്പനിപ്പടിയിലേക്കുള്ള ഇരുചക്രവഹന യാത്രകകാരുടെ പ്രധാന എളുപ്പവഴിയുമാണ് ഇതോടെ ഇല്ലാതായത്. കാരുണ്യമുള്ളവരുടെ കൈത്താങ്ങില്‍ പടുത്തുയര്‍ത്തിയ ഒരു ഭിന്നശേഷിക്കാരന്റെ ജീവിതസ്വപ്നത്തിന് മുന്നില്‍ അധികൃതര്‍ കനിവ് കാട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും അനൂപും.
Tags : Railway blocks access road Nattuvishesham DistrictNews