വടക്കഞ്ചേരി: കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ പ്രായഭേദമന്യേ സ്ത്രീകൾക്കുള്ള സൗജന്യയാത്ര മലയോരങ്ങളിലെ സ്ത്രീകൾക്ക് ബംപറടിച്ച പോലെയാകും.
കെഎസ്ആർടിസിയുടെ വടക്കഞ്ചേരി ഡിപ്പോയിൽ നിന്നുള്ള 30 സർവീസുകളിൽ ആറു സർവീസുകളാണ് ഓർഡിനറി സർവീസായുള്ളത്. ഇതിൽ നാലുസർവീസും മലയോരത്തേക്കുള്ളതാണ്.
കിഴക്കഞ്ചേരി- പാലക്കുഴി, മംഗലംഡാം- ചൂരുപാറ, നെന്മാറ- ഒലിപ്പാറ, മംഗലംഡാം- കടപ്പാറ എന്നീ സർവീസുകളാണ് മലയോര മേഖലയിലേക്കുള്ളത്. ഓർഡിനറി സർവീസുകളിൽപ്പെട്ട ഒറ്റപ്പാലം, ഗുരുവായൂർ സർവീസുകൾ മാത്രമാണ് മറ്റു റൂട്ടുകളിലുള്ളത്. മലയോരങ്ങൾ ഉൾപ്പെടുന്ന മറ്റു ഡിപ്പോകളിലും സമാനസ്ഥിതിയാണ്.
ഓർഡിനറിയിൽ കയറുന്ന സ്ത്രീകൾക്കും ടിക്കറ്റ് നൽകും. ഇതിനായി ഫീമെയിൽ ടിക്കറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. ടിക്കറ്റ് നോക്കിയാണ് ഓരോ ദിവസവും എത്ര സ്ത്രീകൾ ബസിൽ കയറി സൗജന്യയാത്ര നടത്തി എന്നറിയാനാകൂ.
തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന സൗജന്യയാത്ര സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഡിപ്പോകളിൽ ലഭ്യമായിട്ടില്ല. സ്ത്രീകൾക്കൊപ്പം പുരുഷന്മാരും കയറുമെന്നതിനാൽ വലിയ ബാധ്യതയില്ലാതെ സ്ത്രീകളുടെ സൗജന്യയാത്ര ക്രമീകരിക്കാനാകുമെന്നു പ്രതീക്ഷയിലാണ് ജീവനക്കാരുമുള്ളത്.
പൊതുവേ കളക്്ഷൻ കുറവായാലും അവശ്യസർവീസ് എന്ന നിലയിലാണ് മലയോരങ്ങളിലേക്ക് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
സ്ത്രീകളും പെൺകുട്ടികളും കയറി ഓർഡിനറി ബസുകൾ തിങ്ങിനിറയുന്ന സ്ഥിതി ഉണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്.
Tags : Nattuvishesham Local News KSRTC free ride gift for women in the hills