പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ പ്രതികള്‍
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘംചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ അതിജീവിതയുടെ അമ്മയുള്‍പ്പെടെ മൂന്നു പ്രതികളുടെ വിധി 27ന് പറയും. തൊടുപുഴ ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതിയാണ് വിധി പറയുന്നത്.
പോലീസ് രജിസ്റ്റര്‍ ചെയ്ത 28 പോക്സോ കേസുകളില്‍ രണ്ടെണ്ണത്തില്‍ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. കുടയത്തൂര്‍ പുളിമൂട്ടില്‍ അനസ് ഷംസുദീന്‍ (31), തൊടുപുഴ ബംഗ്ലാംകുന്ന് എടനാട് പുരയിടത്തില്‍ വിനീഷ് വിജയന് (42) എന്നിവരെയാണ് കുറ്റക്കാരാണെന്നുകണ്ട് കോടതി ശിക്ഷിച്ചത്.
ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘംചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
2017 മുതല്‍ 2022 വരെ പെണ്‍കുട്ടിയെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. കൂട്ടബലാത്സഗം ഉള്‍പ്പെടെ 28 കേസുകളിലായി 25 പ്രതികളാണുള്ളത്. എല്ലാ കേസിലും പ്രത്യേകം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
കുമാരമംഗലം സ്വദേശി ബേബിയെന്ന മംഗലത്ത് രഘുവാണ് കേസിലെ മുഖ്യപ്രതി. ഏഴു കേസുകളില്‍ അതിജീവിതയുടെ അമ്മയും പ്രതിയാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പയസ് മാത്യുവാണ് ഹാജരായത്.
Tags : Nattuvishesham DistrictNews DeepikaNews Sexual Assault Case