പല്ലനയിൽ നടന്ന കുമാരനാശാൻ സ്മാരക ജലോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
ഹരിപ്പാട്: തുഴപ്പെരുക്കവും ആർപ്പുവിളികളും ആവേശം വിതറിയ പല്ലനയാറ്റിൽ, കാതടപ്പിക്കുന്ന ഫോട്ടോ ഫിനിഷ് പോരാട്ടത്തിനൊടുവിൽ 48-ാമത് മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവത്തിൽ ചുണ്ടൻ വിഭാഗത്തിൽ ഇരട്ടവിജയം. ഒപ്പത്തിനൊപ്പം കുതിച്ചുകയറിയ മത്സരത്തിൽ ചെറുതന ജിഎൽസി ബോട്ട് ക്ലബ് തുഴഞ്ഞ വെള്ളംകുളങ്ങര ചുണ്ടനും ആനാരി ബോട്ട് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടനും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഒന്നാം സ്ഥാനം പങ്കിട്ടു.
മറ്റു വിഭാഗങ്ങളിലും വാശിയേറിയ മത്സരമാണ് അരങ്ങേറിയത്. ഇരുട്ടുകുത്തി വിഭാഗത്തിൽ സിറ്റി ബോട്ട് ക്ലബ് തുഴഞ്ഞ ഡാനിയൽ ഒന്നാമതെത്തി. ആവേശം മുറ്റിയ തെക്കനോടി കെട്ടുവള്ളങ്ങളുടെ പോരാട്ടത്തിൽ ടിബിസി ബോട്ട് ക്ലബ് തുഴഞ്ഞ ചെല്ലിക്കാടനും ഫൈബർ വള്ളങ്ങളിൽ മഹാദേവികാട് ഫൈബർ ചുണ്ടനും കിരീടം ചൂടി.
ജലോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അടുത്ത വർഷം മുതൽ പല്ലന ജലോത്സവ സമിതിക്ക് ഹോം മിനിസ്റ്റേഴ്സ് ട്രോഫി ഏർപ്പെടുത്തുമെന്നും വള്ളംകളി കൂടുതൽ വിപുലമായി സംഘടിപ്പിക്കുന്നതിന് ടൂറിസം വകുപ്പിന്റെ പൂർണ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ജലോത്സവ സമിതി പ്രസിഡന്റ് വി. മദനൻ പതാക ഉയർത്തി. എസ്. ഗോപാലകൃഷ്ണൻ മാസ്ഡ്രിൽ നയിച്ചു. സമ്മേളനത്തിൽ തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി അധ്യക്ഷത വഹിച്ചു.
എ.കെ. രാജൻ, വി.കെ. നാഥൻ, ജി. ഷാജി പാതിരാമണലേൽ, അനില രാജു, ആശ രാമചന്ദ്രൻ, എ. ഷാജഹാൻ, ആർ.കെ. കുറുപ്പ്, സുധിലാൽ തൃക്കുന്നപ്പുഴ, സി.വി. രാജീവ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews