പ്രതീകാത്മക ചിത്രം
മൂന്നാര്‍: ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ ഏറെയുള്ള ഇടങ്ങളില്‍ അതിനു പരിഹാരം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഭൂസംരക്ഷണ സേനാംഗങ്ങള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു.
2025 സെപ്റ്റംബർ മുതല്‍ ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല. നിരവധി തവണ ശമ്പളം ലഭിക്കാത്ത കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നിവിടങ്ങളിലായി ജോലി ചെയ്യുന്ന ഏഴു സേനാംഗങ്ങളാണ് ശമ്പളം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ വേതനം നിശ്ചയിച്ചാണ് ഇവര്‍ക്ക് ശമ്പളം നല്കിവന്നിരുന്നത്.
കരാര്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥന് വരുത്തിയ വീഴ്ചയാണ് ഭൂസംരക്ഷണ സേനാംഗങ്ങള്‍ക്കു വിനയായത്. ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളിൽ സര്‍ക്കാര്‍ ഭൂമി കൈയേറ്റം തടയാനും അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാനും 2012ലാണ് ഭൂസംരക്ഷണ സേനയ്ക്ക് രൂപം നൽകിയത്.
വിമുക്ത ഭടന്മാരെയായിരുന്നു ഇതിനായി നിയോഗിച്ചത്. ജോലിക്കിടെയുണ്ടാകുന്ന ഭീഷണിയും വെല്ലുവിളിയും വകവയ്ക്കാതെ ജോലി ചെയ്യുന്ന ഇവരുടെ ശമ്പളം മുടങ്ങിയിട്ടും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തത് സേനയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുകയാണ്. ശമ്പളം കൂടാതെ മറ്റു ജീവനക്കാരെപ്പോലെ ആനുകൂല്യങ്ങളൊന്നും ഇല്ലാത്ത ഇവര്‍ക്ക് ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന് സ്വന്തമായി സംഘടനകളൊന്നും ഇല്ലാത്തതും തിരിച്ചടിയാണ്.
Tags : Nattuvishesham DistrictNews DeepikaNews salaries