കനത്ത മഴയിൽ പാൽചുരം വെട്ടിക്കാവുങ്കൽ റോയിയുടെ വീട്ടുമുറ്റത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ നിലയിൽ.
കൊട്ടിയൂർ: കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞതോടെ കൊട്ടിയൂർ പാൽചുരത്ത് ഒരു വീട് അപകടഭീഷണിയിലായി. പാൽചുരത്തെ വെട്ടിക്കാവുങ്കൽ റോയിയുടെ വീടിന് സമീപമാണ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ മണ്ണിടിച്ചിലുണ്ടായത്.
വീട്ടുമുറ്റത്തിന്റെ ഒരു ഭാഗത്തെ മണ്ണിടിഞ്ഞു. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്ന് മുൻകരുതൽ നടപടിയായി വീട്ടുകാരെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിത്താമസിപ്പിച്ചു. പ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. സംഭവവിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.