മന്ത്രി സണ്ണി ജോസഫ് ആറളത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്നു.
ഇരിട്ടി: ഉരുൾപൊട്ടലിലും മഴയിലും ആറളം, അയ്യൻകുന്ന്, ഉളിക്കൽ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിലും ഉരുപ്പുകുറ്റിയിൽ രണ്ടിടത്തുമായിരുന്നു ഉരുൾ പൊട്ടിയത്. ഉരുൾ പൊട്ടിയത് ജനവാസമേഖകളിൽ നിന്ന് അകലെയായതിനാലാണ് ദുരന്തമൊഴിവായതെങ്കിലും പാറയ്ക്കാമലയിൽ ശനിയാഴ്ച രാത്രിയോടെയുണ്ടായ ഉരുൾപൊട്ടലിൽ മലവെള്ളവും മണ്ണും കല്ലും ഒഴുകിയെത്തി കൃഷിയിടങ്ങൾ നശിച്ചു.
റോഡുകളും തകർന്നു. ഉരുപ്പുംകുറ്റിയിലെ ആയാംകുടി മലനിരയിലും കമ്പിപ്പാലത്തിന് സമീപം പാലയ്ക്കൽ മാത്യുവിന്റെ കൃഷിയിടത്തിലുമുണ്ടായ ഉരുൾ പൊട്ടലിൽ വ്യാപക കൃഷിനാശം സംഭവിച്ചു. ഇന്നലെ മഴ മാറിയതോടെ പുഴകളിലും തോടുകളിലെയും ജലനിരപ്പ് കുറഞ്ഞതിനൊപ്പം കൃഷിയിടങ്ങളിൽ നിന്നം വെള്ളം വാർന്നു പോയതോടെയാണ് കൃഷിസ്ഥലങ്ങളിലുണ്ടായ ചെളിക്കുന്പാരങ്ങൾ വ്യക്തമായത്. പലയിടത്തും വെള്ളക്കെട്ട് കാരണം കൃഷി പൂർണമായും നശിച്ചു.
ആറളത്ത് വെള്ളം വീടുകളിൽ നിന്ന് ഇറങ്ങിയെങ്കിലും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമേ കുടുംബങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാനാകൂ. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്തധികൃതർ അറിയിച്ചു. മഴയിൽ തകർന്ന കക്കുവയിലെ ബ്ലോക്ക് 13-ലേക്കുള്ള പാലം താത്കാലികമായി അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികളും തുടങ്ങി. ചതിരൂർ, കോഴിയോട്, ഇടവേലി, പറമ്പത്തെക്കണ്ടി ഉൾപ്പെടെയുള്ള ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും മഴവെള്ളം വ്യാപക നാശം വിതച്ചു. മഴയിൽ നിരവധി വീടുകളുടെ മതിലുകളും മുറ്റത്തിന്റെ സംരക്ഷണഭിത്തികളും തകർന്നു.
ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളപ്പുര പാലത്തിന്റെ അപ്രോച്ച് റോഡ് ഒലിച്ചുപോയതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയുടെ സെമിത്തേരി മതിൽ തകർന്ന് പത്തോളം കല്ലറകൾക്ക് കേടുപാടുണ്ടായി. വളയംകോട് ചെറുകാട്ടുകുളത്തെ നസീമയുടെ ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിച്ച വീട്ടു മുറ്റത്തിന്റെ സംരക്ഷണഭിത്തി അഞ്ചുമീറ്ററോളം നീളത്തിൽ 12 അടിയിലേറെ താഴ്ചയിലേക്ക് ഇടിഞ്ഞുവീണതോടെ വീട് അപകടാവസ്ഥയിലായി. കൊട്ടുകപ്പാറയ്ക്കു സമീപത്തെ നവജ്യോതി കുടിവെള്ള പദ്ധതിയുടെ കിണർ മലിനമായതിനാൽ ശുചീകരണത്തിന് ശേഷമേ പദ്ധതി പ്രവർത്തിപ്പിക്കാനാകൂ.
സമീപത്തെ പൂവക്കുളം ജോസഫിന്റെ കിണറും ഭാഗികമായി ഇടിഞ്ഞു. കരിക്കോട്ടക്കരി, അങ്ങാടിക്കടവ് ടൗണുകളിലും മഴവെള്ളം കയറി വ്യാപാര സ്ഥാപനങ്ങൾക്ക് ഭീഷണിയായി. വെള്ളക്കെട്ട് മൂലം കൃഷിയിടങ്ങൾക്കും വ്യാപക നാശനഷ്ടം സംഭവിച്ചു. മണിക്കടവിലെ റേഷൻകടയിൽ വെള്ളം കയറി 29 ചാക്ക് അരിയും മൂന്ന് ചാക്ക് ഗോതമ്പും നശിച്ചു
അയ്യൻകുന്നിൽ ദുരിതാശ്വാസ ക്യാമ്പ്
അയ്യൻകുന്ന്: കാക്കത്തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് അയ്യൻകുന്ന് മുണ്ടയാംപറമ്പ് ദേവസ്വം എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. എട്ടു കുടുംബങ്ങളിലെ 17 പേരെയാണ് ഇവിടെ മാറ്റിപാർപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്റെ വീടുൾപ്പെടെ നിരവധി വീടുകളിൽ വെള്ളം കയറി. ആരോഗ്യ, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ ശുചീകരണമുൾപ്പെടെയുള്ള പ്രവൃത്തികൾ നടന്നു വരികയാണ്.
ഉളിക്കലിൽ ഒരു ക്യാമ്പ് പിരിച്ചുവിട്ടു
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ തൊട്ടിപ്പാലം നൂറൽ ഹുദ മദ്രസയിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. കോളിത്തട്ടിലെ ക്യാമ്പ് തുടരുകയാണ്. കുടിവെള്ള സ്രോതസുകൾ മലിനമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മന്ത്രി സണ്ണി ജോസഫും സജീവ് ജോസഫും സന്ദർശിച്ചു
ഇരിട്ടി: മന്ത്രി സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവർ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ആറളത്തെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി ക്യാന്പുകളിലുള്ളവരുമായി സംസാരിച്ചു. പായം പഞ്ചായത്തിലെ കിളിയന്തറ പുനരധിവാസ മേഖലയിലും അയ്യൻകുന്നിലെ വിവിധ പ്രദേശങ്ങളിലും സ്ഥിതിഗതികൾ വിലയിരുത്തിയ മന്ത്രി രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഉളിക്കൽ പഞ്ചായത്തിലെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സജീവ് ജോസഫ് എംഎൽഎയും സന്ദർശിച്ചു. മണിക്കടവ് ടൗൺ ഉൾപ്പെടെ കൂടുതൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.