കൊരട്ടിമുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് കൊരട്ടിയിലെ ഹരിതകർമ സേനാംഗങ്ങൾ പൂവൻകുല നേർച്ചയുമായി മുത്തിയുടെ സന്നിധിയിലെത്തി യപ്പോൾ.
കൊരട്ടി: എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രമുഖ മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുത പ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ എട്ടാമിടം ഇന്നും നാളെയും ആഘോഷിക്കും. നേർച്ചകൾ നിവർത്തിക്കാനും അനുഗ്രഹങ്ങൾക്ക് നന്ദി അറിയിക്കാനുമായി നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് വിശ്വാസികളാണ് ദേവാലയത്തിലെത്തുന്നത്.
പൂവൻകുല സമർപ്പണം, പൂവൻകുല കൊണ്ടുള്ള തുലാഭാരം, മുട്ടുകുത്തി നീന്തൽ എന്നിവയാണ് തിരുനാളിലെ പ്രധാന നേർച്ചകൾ. രോഗശാന്തി, സുഖപ്രസവം, സന്താനലബ്ധി, ദാമ്പത്യജീവിത വിജയം തുടങ്ങിയ ഉദ്ദിഷ്ടകാര്യങ്ങൾക്കായി പ്രാർഥിച്ചാണ് നിരവധിപേർ മുട്ടുകുത്തി നീന്തൽ നേർച്ച നടത്തുന്നത്. ദേവാലയത്തിന്റെ പ്രധാന കവാടം മുതൽ മദ്ബഹ വരെ മുട്ടുകുത്തി നീന്തുന്നവരിൽ കുഞ്ഞുങ്ങളെ മുതുകിലിരുത്തി നേർച്ച നടത്തുന്നവരുമുണ്ട്.
ഇന്നലെ രാവിലെ 5.30 മുതൽ വൈകീട്ട് അഞ്ചുവരെ തുടർച്ചയായി നടന്ന വിശുദ്ധ കുർബാനകളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. തുടർന്നുനടന്ന ജപമാല പ്രദക്ഷിണത്തിനുശേഷം ഫാ. റോക്കി കൊല്ലംകുടി വിശുദ്ധ കുർബാന അർപ്പിച്ചു. രാവിലെ 10.30ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയോടനുബന്ധിച്ച് കുഞ്ഞുങ്ങളുടെ സമർപ്പണം, എഴുത്തിനിരുത്ത്, ചോറൂണ് എന്നിവയും നടന്നു.
ഇന്ന് രാവിലെ 5.30നും ഏഴിനും ഒമ്പതിനും വിശുദ്ധ കുർബാനയുണ്ടാകും. 10.30ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ജിൻസ് ഞാണയ്ക്കൽ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 1.30ന് മലങ്കര റീത്തിൽ ഫാ. ആകാശ് കൈലാത്ത് ദിവ്യബലി അർപ്പിക്കും. മൂന്നിന് ഫാ. ജോസ് തേലക്കാട്ടും 5.30 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. അമൽ ഓടനാട്ടും കാർമികരാകും.
തിരുനാൾ എട്ടാമിട ദിനമായ നാളെ രാവിലെ 5.30ന് വിശുദ്ധ കുർബാനയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. ഏഴിന് ഫാ. പോൾ കൈത്തോട്ടുങ്കലും ഒമ്പതിന് ഫാ. ജിബിൻ എടത്തിപ്പറമ്പിലും ദിവ്യബലി അർപ്പിക്കും. 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. കരോൾ പെനുവേൽ കാർമികത്വം വഹിക്കും.
ഉച്ചയ്ക്ക് 1.30ന് ഹിന്ദിയിലും മൂന്നിനും 5.30നും 8.30നും വിശുദ്ധ കുർബാനകളുണ്ടാകും. 5.30 ന് നടക്കുന്ന വിശുദ്ധ കുർബാനയെ തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണം ഉണ്ടായിരിക്കും. 24, 25 തീയതികളിൽ പതിനഞ്ചാമടവും ആഘോഷിക്കും.
Tags : NattuVishesham.DistricteNews