കോട്ടയം: സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പു മുഖേന മുറിച്ചു വില്പന നടത്താന്‍ അനുവദിച്ച വന (ഭേദഗതി) ബില്‍ നിയമമായതോടെ ചന്ദനമരം കൃഷിയിലേക്ക് കൂടുതല്‍പ്പേര്‍ കടന്നുവരുന്നു.
പ്രതിമാസം 2000ല്‍ അധികം തൈകളാണ് മറയൂര്‍ നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍നിന്നു വിതരണം ചെയ്യുന്നത്. 2025ലെ കേരള വന (ഭേദഗതി) ബില്‍ കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് നിയമമായത്. ചന്ദന വിത്തുക്കള്‍ മറയൂര്‍ ചന്ദന ഡിവിഷനിലെ വനംവികസന ഏജന്‍സിയും ചന്ദനത്തൈകള്‍ മറയൂര്‍ നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷന് വഴിയുമാണു വിതരണം ചെയ്യുന്നത്. അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും ചന്ദനത്തൈ വില്പനയുണ്ട്. ചന്ദന തൈ ഏഴ് വര്‍ഷമായും വിത്ത് 10 വര്‍ഷമായും വിതരണം ചെയ്യുന്നുണ്ട്.
രാജ്യത്ത് കേരളം, കര്‍ണാടകം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ സ്വാഭാവികമായ ചന്ദനക്കാടുകളുണ്ട്. സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ മഴനിഴല്‍ പ്രദേശമായ മറയൂരില്‍ 63 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ചന്ദനമരങ്ങള്‍ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ വളരുന്നുണ്ട്.
ചന്ദനമരം വളര്‍ത്താനും സംരക്ഷിക്കാനും എല്ലാവര്ക്കും പൂര്‍ണ അധികാരം ഉണ്ടെങ്കിലും ചന്ദനമരം മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം. അതത് സ്ഥലത്തെ ഡിഎഫ്ഒക്ക് അപേക്ഷ നല്കിയാല് വനംവകുപ്പ് മരം മുറിക്കുകയും പണം ഉടമസ്ഥന് നല്‍കുകയും ചെയ്യും. മരം വീടിനോ മനുഷ്യര്‍ക്കോ ഭീഷണിയാണെങ്കിലോ ചരിഞ്ഞുവീണു കിടക്കുകയാണെങ്കിലോ വീടിന്റെ പുനര്‍നിര്‍മാണത്തിനോ മതില് കെട്ടാനോ തുടങ്ങിയ കാര്യങ്ങള്‍ക്കോ മരംമുറിക്കാം.
മരത്തിന്റെ വേരടക്കം എടുത്ത് മഹസര്‍ തയാറാക്കിയതിനുശേഷം സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുനിന്നായാലും മറയൂര്‍ ചന്ദന ഡിപ്പോയിലേക്കു കൊണ്ടുവരും. വൃത്തിയാക്കിയ മരത്തിന്റെ തൂക്കം നോക്കുന്നത് കിലോഗ്രാമിലാണ്. ചന്ദനത്തിന്റെ കാതലില്നിന്നാണ് സാന്‍ഡല്‍വുഡ് ഓയില്‍ എടുക്കുന്നത്. കാതലിനു മാത്രമല്ല, വെള്ളയ്ക്കും വില ലഭിക്കും. വെള്ളയ്ക്ക് കിലോഗ്രാമിന് 1500 രൂപയാണു വില.
പെര്‍ഫ്യൂമുകളും സോപ്പുകളും നിര്‍മിക്കാനും ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കും ആയുര്‍വേദ മരുന്നുകള്‍ക്കും ചെറിയ തോതില്‍ ഹാന്‍ഡിക്രാഫ്റ്റ് നിര്‍മാണത്തിനുമാണ് ചന്ദനം ഉപയോഗിക്കുന്നത്.
അര്‍ധപരാദ സസ്യം
ചന്ദനം അര്‍ധപരാദ സസ്യമാണ്. തൈകള്‍ നടുമ്പോള്‍ മറ്റ് ചെടികള്‍ കൂടി ഒപ്പം നടണം. മറ്റ് സസ്യങ്ങളുടെ വേരുകളില്‍നിന്ന് പോഷകങ്ങൾ വലിച്ചെടുത്താണ് ഇവ വളരുന്നത്. ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ചന്ദനമരങ്ങള്‍ക്ക് നല്ലത്. പ്രത്യേകിച്ച് മഗ്നീഷ്യം, ഫോസ്ഫറസ് പോലുള്ള മൂലകങ്ങള്‍. 12 ഡിഗ്രി സെല്‍ഷസ് മുതല്‍ 35 ഡിഗ്രി സെല്‍ഷസ് വരെ താപനിലയുള്ള പ്രദേശങ്ങള്‍ അനുയോജ്യം.
നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് നല്ലത്. മണ്ണിന്റെ പിഎച്ച് മൂല്യം 6.0 മുതല്‍ 7.5 വരെ ആയിരിക്കണം. ദിവസവും കുറഞ്ഞത് ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കണം. വേരൂന്നുന്നതുവരെ ഇളം മരങ്ങള്‍ക്കു പതിവായി നന ആവശ്യമാണ്.
നടീല്‍
ചന്ദനമരം നടാന്‍ ഒന്ന് മുതല്‍ അഞ്ച് അടിവരെ ആഴവും വീതിയുമുള്ള കുഴി എടുക്കണം. ഇതില്‍ ചാണപ്പൊടിയോ കംപോസ്റ്റോ ജൈവവളമോ ചേര്‍ത്ത് മിശ്രിതം തയാറാക്കണം. 7-8 മാസം പ്രായമുള്ള ഒരടിയെങ്കിലും പൊക്കമുള്ള തൈകള്‍ നടാം. 10 മുതല്‍ 12 അടിവരെ അകലത്തില്‍ വേണം നടാന്‍. ഒരേക്കറില്‍ ഏകദേശം 400 മുതല്‍ 500 വരെ ചന്ദനമരങ്ങള്‍ നടാം. ചീര, പയര്‍ വര്‍ഗങ്ങള്‍, നെല്ലി, വേപ്പ് എന്നിവ ഒപ്പം നടണം. ശീമക്കൊന്ന, തുവരപ്പയര്‍ എന്നിവ ഇടവിളയായി കൃഷി ചെയ്യുന്നതും നല്ലതാണ്. ഈര്‍പ്പം നിലനിര്‍ത്താന്‍ മരങ്ങളുടെ ചുവട്ടില്‍ പുതയിടണം.
വളർച്ച സാവധാനം
ആദ്യ 7-8 വര്‍ഷം വരെ സാവധാനമാണ് ചന്ദനമരങ്ങളുടെ വളര്‍ച്ച. പൂര്ണവളര്ച്ചയെത്തണമെങ്കില് 15-30 വര്‍ഷം വരെയെടുക്കും. അനുയോജ്യമായ കാലാവസ്ഥയില്‍ 10 വര്‍ഷമാകുമ്പോഴേക്കും കാതല്‍ രൂപപ്പെട്ടു തുടങ്ങും. 50 സെന്റിമീറ്റര്‍ ചുറ്റളവുള്ള മരമാണു പൂര്ണവളര്ച്ചയെത്തിയതായി കണക്കാക്കുന്നത്. സ്വാഭാവിക പരിസ്ഥിതിയില്‍ തൊട്ടാവാടി പോലെയുള്ള കളകള്‍ ഇത്തരത്തില്‍ ചന്ദനത്തിന് സഹായകമാകും. തുടക്കത്തില്‍ മിതമായ കളകളേ പാടുള്ളൂ. 7-8 കൊല്ലത്തെ മിതമായ വളര്‍ച്ചക്കുശേഷം പിന്നീട് വര്‍ഷത്തില്‍ ഒരു കിലോ എന്ന തോതില്‍ മരം വളരും.
ഉയര്‍ന്ന വില
ചന്ദനത്തില്‍ 16 വിഭാഗങ്ങളുണ്ട്. ഓരോന്നിനും ഓരോ വിലയാണ്. മുപ്പതോളം ചന്ദന ഇനമുണ്ടെങ്കിലും സന്റാലം ആല്‍ബം ആണ് കേരളത്തിലെ മികച്ച ചന്ദനമരം. 15 വര്‍ഷം വളര്‍ച്ചയുള്ള ചന്ദനത്തിന്റെ കാതലുള്ള തടിക്കും വേരിനുമായി ചുരുങ്ങിയത് 20 കിലോ തൂക്കം വരും.
ബാക്കിയുള്ള വെള്ള, തോല്, ശിഖരങ്ങള്‍ എന്നിവയ്ക്കും വിലയുണ്ട്. ഒന്നാം ക്ലാസ് ഗുണനിലവാരമുള്ള ചന്ദനത്തിന്റെ കാതലും വേരും സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിക്കും. ആറ്മാസം വരെ ഇതിനു വേണ്ടിവരും. ഇത്തരത്തില്‍ തയാറാക്കിയ ചന്ദനമരം ലേലത്തില്‍ വില്ക്കുമ്പോൾ കിലോഗ്രാമിന് 16,000 മുതല്‍ 20,000 രൂപ വരെ ലഭിക്കുന്നുണ്ട്. ഇങ്ങനെ കണക്കു കൂട്ടിയാല്‍ ഒരു മരത്തിന് ഏകദേശം മൂന്ന് ലക്ഷമോ അതിലധികമോ ലഭിക്കും, അതായത് 30 മരം നടാനായാല്‍ 15 വര്‍ഷം കഴിഞ്ഞാല്‍ ഒരു കോടി രൂപ വരെ വരുമാനം ലഭിക്കും. ചന്ദനത്തിന്റെ വേര്, തോലി എന്നിങ്ങനെ ഇലകളൊഴിച്ചുള്ള ഭാഗങ്ങളെല്ലാം ഉപയോഗയോഗ്യമാണ്. ചന്ദനത്തിന്റെ തൊലിക്ക് കിലോക്ക് 200 രൂപയാണു വില.
തൈകളും വിത്തുകളും
ഇടുക്കി മറയൂരിലെ വനംവകുപ്പിന്റെ ചന്ദന ഡിവിഷനിലാണ് ചന്ദനത്തൈകളുടെയും വിത്തുകളുടെയും വില്പന. ആറ് മുതല്‍ എട്ട് മാസം വരെ പ്രായമുള്ള ഒരു ചന്ദനത്തൈയ്ക്ക് 75 രൂപയാണു വില. ഒരു കിലോ ചന്ദനവിത്തിന് 2000 രൂപയും. ചന്ദന വിത്തിനായി മറയൂര്‍ ചന്ദന ഡിവിഷനിലെ വനം വികസന ഏജന്‍സിയുമായും ചന്ദനത്തൈകള്ക്കായി മറയൂര്‍ നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷനുമായും ബന്ധപ്പെടണം. അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും ചന്ദനത്തൈ വിൽപ്പനയുണ്ട്. 9447227404, 9495512950, 04865 252988. സ്വകാര്യ നഴ്സറികളിലും ഇപ്പോള്‍ ചന്ദനത്തൈകളുടെ വില്‍പ്പനയുണ്ട്.
Tags : Law is favorable Farmers turn