കായംകുളം: ആക്രമണകാരികളായ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കായംകുളത്തും സമീപ പ്രദേശങ്ങളിലും ജനങ്ങൾ ഭീതിയിൽ. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. സ്കൂൾ തുറന്നതോടെ കുട്ടികൾ നായ്ക്കളെ പേടിച്ചാണ് സ്കൂളിലേക്കു പോകുന്നത്.
കഴിഞ്ഞയാഴ്ച പുല്ലുകുളങ്ങര, കായംകുളം ഐക്യ ജംഗ്ഷൻ ഭാഗങ്ങളിൽ നാലുമാസം പ്രായമുള്ള കുട്ടിയടക്കം 12 പേരെയാണ് തെരുവുനായ കടിച്ചത്. ഇതിനു പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായ്ക്കളെയും പേവിഷബാധയേറ്റ നായ കടിച്ചിരുന്നു.
ഇവയെയെല്ലാം കണ്ടെത്തി വാക്സിനേഷൻ എടുക്കുക എന്നത് ഇപ്പോൾ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. റോഡിൽക്കൂടി നടന്നുപോയവരെയും വീട്ടുമുറ്റത്ത് നിന്നവരെയുമെല്ലാം പേവിഷബാധയേറ്റ നായ കടിച്ചിരുന്നു.
സ്കൂട്ടറിൽ പോയ ആളെവരെ ചാടിക്കടിക്കുകയായിരുന്നു. സ്കൂൾ കുട്ടികൾക്കും കടിയേറ്റിരുന്നു. സർക്കാർ ഓഫീസുകളിലും നായകൾ വിഹരിക്കുകയാണ്. രാത്രിയായാൽ മിക്ക ഇടറോഡുകളും ഇപ്പോൾ നായ്ക്കളുടെ താവളമാണ്. ഇരുചക്രവാഹനങ്ങളിലോ നടന്നോ പോയാൽ നായ്ക്കൾ കൂട്ടത്തോടെ ചാടിവീഴും. വളർത്തുമൃഗങ്ങളെയും പക്ഷികളെയും കടിച്ചുകൊല്ലുന്നതും നിത്യസംഭവമാണ്.
കൂട്ടത്തോടെ എത്തിയാണ് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇടപെട്ട് പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.