പ്രതീകാത്മക ചിത്രം
കൊല്ലം :ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിപുലമായ ബോധവത്കരണ പരിപാടികളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 28ന് ഫാത്തിമ മാതാ നാഷണല്‍ കോളജ് ബിഷപ് കത്തലാനി കാമ്പസില്‍ നടക്കും.
ഉയര്‍ന്ന രോഗസാധ്യതയുള്ള വിഭാഗങ്ങള്‍ക്കായി സൗജന്യ രോഗനിര്‍ണയ പരിശോധനയും എച്ച്ബിവി വാക്സിനേഷനും ജില്ലാ ടിബി സെന്റര്‍ കോമ്പൗണ്ടില്‍ 28ന് നടക്കും. ‘ഹെപ്പറ്റൈറ്റിസ്: നമുക്ക് പരിഹരിക്കാം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. 2030-ഓടെ ഹെപ്പറ്റൈറ്റിസ്-സി പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. കരളിനെ ബാധിക്കുന്ന ഈ രോഗം പലപ്പോഴും വൈകിയാണ് തിരിച്ചറിയുന്നത്.
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. എന്നാല്‍ ബി,സി എന്നിവ രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴിയാണ് പകരുന്നത്. രോഗബാധിതരായ അമ്മമാരില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് തടയാന്‍ ജനനസമയത്തുതന്നെ സൗജന്യമായി ഇമ്യൂണോഗ്ലോബുലിനും വാക്സിനും നല്‍കിവരുന്നുണ്ട്.
സംസ്ഥാനത്തെ 33 കേന്ദ്രങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ചികിത്സയും മരുന്നുകളും പൂര്‍ണമായും സൗജന്യമായി ലഭ്യമാണ്.
Tags : NattuVishasham DistrictNews