തീർഥാടന കേന്ദ്രം റെക്ടർ ഫാ. സനിൽ ജോൺ പന്തിച്ചിറയ്ക്കൽ സ്വീകരിക്കുന്നു.
നാഗർകോവിൽ: നാഗർകോവിൽ വിശുദ്ധ അൽഫോൻസാ തീർഥാടന ദേവാലയത്തിലെ വിശുദ്ധ അൽഫോൻസാ വാർഷിക തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച യുവജനങ്ങളുടെയും മാതൃജ്യോതിസ് അംഗങ്ങളുടെയും പദയാത്ര ഭക്തിനിർഭരമായി സമാപിച്ചു.
തക്കല രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നു നൂറുകണക്കിനു യുവജനങ്ങളും മാതൃജ്യോതിസ് അംഗങ്ങളും പങ്കെടുത്ത പദയാത്ര വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആത്മീയസാക്ഷ്യമായി.
തക്കലയിൽനിന്ന് ആരംഭിച്ച പദയാത്ര രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ എസ്ഡിബി പ്രാർഥനയ്ക്ക് നേതൃത്വം നൽകി ഫ്ലാഗ് ഓഫ് ചെയ്തു. വൈദികരും സന്യാസിനികളും പദയാത്രയിൽ പങ്കുചേർന്നു.സൂസൈപുരം ഫൊറോനയുടെ നേതൃത്വത്തിൽ സൂസൈപുരം - കരുങ്കൽ മേഖലകളിൽനിന്ന് പുറപ്പെട്ട യുവജനങ്ങളുടെയും മാതൃജ്യോതി അംഗങ്ങളുടെയും മറ്റൊരു പദയാത്രയ്ക്ക് സൂസൈപുരം ഫൊറോന വികാരി ഫാ.ജോൺസിലാൽ അറയ്ക്കപ്പറമ്പിൽ തുടക്കം കുറിച്ചു.
ജപമാല ചൊല്ലിയും ഭക്തിഗാനങ്ങൾ ആലപിച്ചും പ്രാർഥനകളോടെ തീർഥാടകർ വിശുദ്ധ അൽഫോൻസാമ്മയുടെ തീർഥാടന കേന്ദ്രത്തിലെത്തി. ഇരുസംഘങ്ങളിലെയും തീർഥാടകരെ തീർഥാടന കേന്ദ്രം റെക്ടർ ഫാ. സനിൽ ജോൺ പന്തിച്ചിറയ്ക്കൽ, സഹവികാരി ഫാ. ബിബിൻ കോയിക്കക്കുടിയിൽ, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ, വിവിധ കമ്മിറ്റികളിലെ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്നു സ്വീകരിച്ചു.
തുടർന്ന് രാവിലെ 11നു നടന്ന വിശുദ്ധ കുർബാനയ്ക്കു തക്കല രൂപത വികാരി ജനറാൾ മോൺ. ജോസ് മുട്ടത്തുപാടം മുഖ്യകാർമികത്വം വഹിച്ചു. ഫാ. സാൻജോ തേനമ്പ്ലാക്കൽ നവനാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.ഫാ. വൈസിലിൻ സേവ്യർ തിരുനാൾ സന്ദേശം നൽകി. വിശുദ്ധ കുർബാനയ്ക്കും നവനാൾ ശുശ്രൂഷകൾക്കും ശേഷം വിശ്വാസികൾ വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥംതേടി പ്രത്യേക പ്രാർഥനകൾ അർപ്പിച്ചു.
Tags : NattuVishasham DistrictNews