ജന്തർ മന്തറിലെ സമരപ്പന്തലിൽ അഭിജിത് ദീപ്കെയും പ്രവർത്തകരും
ന്യൂഡൽഹി: പുതുതലമുറ നവീനമായ ചിന്തകൾ സമരമാർഗങ്ങളാക്കിയപ്പോഴും മുറുകെപ്പിടിച്ചത് രാഷ്ട്രപിതാവിന്റെ ആദർശങ്ങളെ. ജന്തർ മന്തറിലെ സമരപ്പന്തലിൽ ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രങ്ങൾ പ്രതിഷ്ഠിച്ച സമരക്കാർ സമാധാനപരമായ പ്രതിഷേധത്തിലൂടെ യുവാക്കളെ സംഘടിതശക്തിയാക്കി മാറ്റാൻ കഴിയുമെന്നും ഒരു കേന്ദ്രമന്ത്രിയുടെ രാജി ചോദിച്ചുവാങ്ങാൻ കഴിയുമെന്നും തെളിയിച്ചു.
സ്ക്രീനിലെ പിന്തുണ സ്ട്രീറ്റിലെത്തിക്കാൻ കഴിഞ്ഞുവെന്നതാണ് സിജെപിയുടെ വിജയം. ഭരണഘടനയിൽ പൂർണവിശ്വാസം. മഹാത്മാഗാന്ധി വിജയിപ്പിച്ച നിരാഹാരമെന്ന ആയുധം. സോനം വാംഗ്ചുകിന്റെ നിരാഹാരം ആരംഭിച്ചതിനു ശേഷം ജന്തർ മന്തറിലെത്തുന്ന ആൾക്കൂട്ടം ഇരട്ടിയായത് സമരമാർഗത്തെ സാധൂകരിച്ചു.
സോനത്തിനെ നിർബന്ധപൂർവം പോലീസ് സമരസ്ഥലത്തുനിന്ന് നീക്കംചെയ്തപ്പോൾ ജന്തർ മന്തറിലെത്തിയ പ്രതിഷേധക്കാരുടെ എണ്ണം ഇരട്ടിക്കിരട്ടിയായതും ജനവികാരത്തിന്റെ ശരിയായ വിലയിരുത്തലായി.
സമൂഹമാധ്യമങ്ങൾ മുഖ്യപങ്കു വഹിച്ചെങ്കിലും സമരപ്പന്തലും മൈക്കും സ്പീക്കറും പ്രസംഗങ്ങളും തന്നെയായിരുന്നു ഗ്രൗണ്ട് റിയാലിറ്റി. വേദിയിൽ തീപ്പൊരി പ്രസംഗങ്ങൾ നടത്തി സിജെപി വക്താക്കളായ അഭിജിത് ദീപ്കെയും അശുതോഷ് രങ്കയും നേഹ ബോറയും രാജ്യമാകെ കത്തിപ്പടർന്നു.
വിദ്യാർഥികളുടെയും യുവാക്കളുടെയും നൈസർഗിക സൃഷ്ടികളും സർക്കാരിനെ ട്രോൾ ചെയ്തുള്ള മുദ്രാവാക്യങ്ങളും വൈറലായി. സിജെപിയെ പിന്തുണക്കുന്ന പലരും കോക്രോച്ചിന്റെ വേഷമണിഞ്ഞും പാറ്റകളുടെ മുഖംമൂടി ധരിച്ചും എത്തിയത് സമരത്തിന് വേറിട്ട മുഖം നൽകി.
ജനങ്ങളുടെ കോടതിയും ഇവിഎമ്മുകളെ ചോദ്യം ചെയ്തുള്ള സദസുകളും അഭിഭാഷകരുടെ പ്രഭാഷണങ്ങളും സമരത്തെ വേറിട്ടതാക്കി. പഴമയും പുതുമയും ചേർന്ന്, ചരിത്രത്തിൽ കാലുറപ്പിച്ച് ഭാവിയിലേക്കുള്ള കുതിപ്പിന്റെ ഉത്തമോദാഹരണമായി ജന്തർ മന്ത്രർ സമരം.
Tags : GandhianIdeals Innovative Methods Struggle CJP CrokroachParty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash