പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നു
വെള്ളറട: വെള്ളറട പഞ്ചായത്ത് പരിധിയിൽ മാത്രമല്ല, പ്രദേശത്തെമ്പാടും കുടിവെള്ളക്ഷാമം രൂക്ഷം. പഞ്ചായത്തിലെ ആനപ്പാറ കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിന് എതിര്‍വശത്ത് നാളുകളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കുടിവെള്ളം കിട്ടാക്കനിയായിരിക്കുമ്പോഴാണു പൈപ്പുപൊട്ടി നാളുകളായി വെള്ളം റോഡിലൂടെ ഒഴുകുന്നത്. മലിനജലം വാര്ന്നുപോകേണ്ട ഓട സമീപത്തെ വസ്തുവിന്റെ ഉടമ മണ്ണിട്ടു നികത്തിയതാണ് പ്രശ്നം. പ്രധാന റോഡ് കൈയേറിയുള്ള പ്രവൃത്തികൾ അവസാനിപ്പിക്കാൻ അധികൃതർ നടപടിസ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വലിയ വാഹനങ്ങള്‍ കയറി ഇറങ്ങിയാണ് പൈപ്പ് പൊട്ടിയത്. ദിവസങ്ങളായി വെള്ളം പാഴാകുന്നതു വാട്ടര്‍ അഥോറിറ്റിക്ക് അറിയാമെങ്കിലും അവര്‍ക്കാര്‍ക്കും പ്രശ്നപരിഹാരത്തിനു താൽപര്യമില്ലാത്ത മട്ടാണ്. കുടിവെള്ളം പൊട്ടിയൊഴുകുന്നതിനു സമീപത്തായി നിരവധി തട്ടുകടകളും പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങള്‍ ഓടുമ്പോള്‍ തട്ടുകടയ്ക്കുള്ളിലും, ചായകുടിക്കുന്നവരുടെ പുറത്തും മലിനജലം തെറിക്കുന്നതും പതിവായിരിക്കുകയാണ്.
Tags : NattuVishasham DistrictNews