കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗം.
പാലക്കാട്: ജില്ലയിലെ ഭൂമി തരം മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ജില്ലാ വികസനസമിതി യോഗം. ജീവനക്കാരുടെ കുറവോ മറ്റ് സാങ്കേതികതടസങ്ങളോ ബാധിക്കാത്തവിധത്തിൽ കാലതാമസം കൂടാതെ തരംമാറ്റം പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മഴലഭ്യത കുറവായതിനാൽ പറന്പിക്കുളം-ആളിയാർ പദ്ധതിയിലൂടെ കാർഷിക ആവശ്യങ്ങൾക്ക് കൂടാതെ കുടിവെള്ളവും ലഭിക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് സുമേഷ് അച്യുതൻ എംഎൽഎ പറഞ്ഞു. മലന്പുഴ, ചിറ്റൂർ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന പാറ-പൊള്ളാച്ചി റോഡിൽ ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള ഭാഗം ശബരിമല പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിലേക്ക് പ്രമേയമായി നൽകുമെന്ന് എംഎൽഎ പറഞ്ഞു. ഷൊർണൂർ മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളുടെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പി. മമ്മിക്കുട്ടി എംഎൽ എ ആവശ്യപ്പെട്ടു. മലന്പുഴ ഉദ്യാനത്തിന്റെ നവീകരണ പ്രവൃത്തികൾ ഉൗർജിതമാക്കുന്നതിന് ഇറിഗേഷൻ, ടൂറിസം വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് എ. പ്രഭാകരൻ എംഎൽഎ ആവശ്യപ്പെട്ടു.
പറന്പിക്കുളം മേഖലയിൽ സോളാർ വൈദ്യുതി എത്തിക്കുന്നത് സംബന്ധിച്ച നടപടികൾ വേഗത്തിലാക്കണമെന്നും പുരോഗതി കൃത്യമായി വിലയിരുത്തണമെന്നും കെ. പ്രേമൻ എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു.
ഭാരതപ്പുഴയിലേക്ക് മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് കെ. പ്രേംകുമാർ എംഎൽഎ ആവശ്യപ്പെട്ടു.
എഡിഎം എ. അബ്ദുൾ ലത്തീഫിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ടി.എം. ശശി എംഎൽഎ, ഇ.ടി. മുഹമ്മദ് ബഷീർ എംപി യുടെ പ്രതിനിധി എസ്.എം.കെ. തങ്ങൾ, ആർഡിഒ കെ. ദേവകി, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Land conversion