ഷംനു
കഴക്കൂട്ടം: കഴക്കൂട്ടത്ത് വൻ മയക്കുമരുന്ന് വേട്ട. ദേശീയപാതയിൽ സിഎസ്ഐ മിഷൻ ആശുപത്രിക്ക് സമീപത്തുവച്ചു ലക്ഷങ്ങൾ വിലമതിക്കുന്ന മെത്താഫിറ്റാമിനുമായി യുവാവ് പിടിയിലായി.
മലയിൻകീഴ് തോട്ടിൻപുറത്ത് പുത്തൻവീട്ടിൽ ഷംനു (30)വിനെയാണു സിറ്റി ഡാൻസാഫും കഴക്കൂട്ടം പോലീസും ചേർന്നു പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി ഡാൻസാഫ് സബ് ഇൻസ്പെക്ടർ വി.എസ്. വൈശാഖിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതി തന്റെ വാഹനമുപയോഗിച്ചു പോലീസ് വാഹനമുൾപ്പെടെ മൂന്നു വണ്ടികൾ ഇടിച്ചു തകർത്തു.
പിന്നീട് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്. പ്രതിയുടെ കാറിൽനിന്നും പഴ്സിൽ നിന്നുമായി ആകെ 93.629 ഗ്രാം മെത്താംഫെറ്റമിൻ പോലീസ് പിടിച്ചെടുത്തു. പ്രതിയുടെ ദേഹപരിശോധനയിൽ പഴ്സിൽനിന്ന് 37.774 ഗ്രാമും വാഹനം പരിശോധിച്ചതിൽനിന്ന് 55.855 ഗ്രാമും വീതമാണ് കണ്ടെടുത്തത്. പ്രതി ഉപയോഗിച്ച കാറും മയക്കുമരുന്നും പോലീസ് കസ്റ്റഡിയിലെടുത്തു.
കർണാടകയിൽനിന്നു രാസലഹരി കേരളത്തിലെത്തിച്ചു വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഷംനു. കഴക്കൂട്ടം പോലീസ് ഇൻസ്പെക്ടർ ബി. രാജഗോപാലിന്റെ നേതൃത്വത്തിൽ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ നേരത്തെയും ലഹരി കേസിൽ പ്രതിയാണെന്നു പോലീസ് പറഞ്ഞു.
Tags :