സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കുന്നു.
പാലക്കാട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എൽപി, യുപി പ്രൈമറി വിഭാഗങ്ങളിലെ ഐടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വഴി നടപ്പാക്കുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഓണ്‍ലൈൻ ആയി നിർവഹിച്ചു.
കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്കൂൾ പ്രഥമാധ്യാപകരുടെ ശില്പപശാലയുടെ ഭാഗമായി ജില്ലയിൽ ലക്കിടി ജവഹർലാൽ കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന ചടങ്ങും മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സ്ക്വയർ പദ്ധതിയുടെ ഒൗദ്യോഗിക മാർഗരേഖയും മന്ത്രി പ്രകാശനം ചെയ്തു.
ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ കളിയിലൂടെയുള്ള പഠനം, സർഗാത്മകത, സ്വയംപഠനശേഷി എന്നിവ വികസിപ്പിക്കാനാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജികോംപ്രിസ് പോലുള്ള എജുടെയിൻമെന്റ് സോഫ്റ്റ് വെയറുകൾ, ഇക്യൂബ് ലാംഗ്വേജ് ലാബുകൾ, ചിത്രരചനയ്ക്കും അനിമേഷനുമുള്ള സംവിധാനങ്ങൾ എന്നിവ പൂർണമായും സ്വതന്ത്ര സോഫ്റ്റ് വെയർ അധിഷ്ഠിതമായി ഇതിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കാഴ്ചപരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിജിറ്റൽ സ്ക്വയർ ഡിസൈൻ ചെയ്തിരിക്കുന്നത്.
സാങ്കേതികവിദ്യ കുട്ടികൾക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഡിജിറ്റൽ സുരക്ഷിതത്വം ഉറപ്പാക്കാൻ സൈബർ സുരക്ഷാ പ്രൊട്ടോക്കോൾ 2026 ശക്തമായി നടപ്പിലാക്കുമെന്നും ഇതിനായി സ്കൂളുകളിലെ സൈബർ സേഫ്റ്റി കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികളുടെ പഠനമികവ് വിലയിരുത്തുന്ന താരാപഥം അക്കാദമിക മോണിറ്ററിംഗ് സംവിധാനം, വിദ്യാലയങ്ങളുടെ വിവരശേഖരമായ സ്കൂൾവിക്കി ശാക്തീകരിക്കുന്നതിനായി സ്കൂൾവിക്കിത്തോണ്‍, ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ യുപി തലത്തിലേക്ക് വ്യാപിപ്പിക്കൽ എന്നിവയും മന്ത്രി വിശദീകരിച്ചു.
പദ്ധതിയുടെ നടത്തിപ്പിനായി മുഴുവൻ ഐടി കോ-ഓർഡിനേറ്റർമാർക്കും അധ്യാപകർക്കും കൈറ്റ് പ്രത്യേക പരിശീലനം നൽകുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു .
ജില്ലാ കോ-ഓർഡിനേറ്റർ, കൈറ്റ് മാസ്റ്റർ ട്രെയിനർ തുടങ്ങിയവർ ജില്ലയിൽ വിവിധ സെഷനുകൾ അവതരിപ്പിച്ചു. തുടർന്നുള്ള ശില്പശാലകൾ 27, 28, 31 തിയതികളിൽ മണ്ണാർക്കാട്, ചിറ്റൂർ, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ നടക്കും.