സുധീഷിന്ആ ദരവ് നൽകിയപ്പോൾ.
പേരാമ്പ്ര: വയനാട് ചുരത്തിൽ നൂറിലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി. ബസ് അപകട ഭീഷണിയിൽപ്പെട്ടപ്പോൾ അസാമാന്യമായ മനസാന്നിധ്യവും ധൈര്യവും പ്രകടിപ്പിച്ച് മുഴുവൻ യാത്രക്കാരെയും സുരക്ഷിതരാക്കിയ ഡ്രൈവർ സുധീഷ് നടുപറമ്പിലിനെ അദ്ദേഹത്തിന്റെ പേരാമ്പ്ര ഉണ്ണിക്കുന്നിലെ വസതിയിലെത്തി ഇന്നലെ വൈകുന്നേരം ആദരിച്ചു.
പേരാമ്പ്രബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ്, വാർഡ് അംഗം കെ.എം. ശ്രീനിവാസൻ എന്നിവർ ചേർന്ന് സുധീഷിനെ പൊന്നാടയണിയിച്ചാണ് ആദരവ് നൽകിയത്. ഒരു നാടിന്റെ തന്നെ അഭിമാനമായി മാറിയ സുധീഷിന്റെ സമയോചിതമായ ഇടപെടലും സേവനമനോഭാവവും മാതൃകാപരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഉണ്ണിക്കുന്ന് മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. കോൺഗ്രസ് പ്രവർത്തകരായ വി.പി. സുരേഷ്, സജീഷ്, കല്ലുംപുറം ഗോപാലൻ, ബാലകൃഷ്ണൻ കുറ്റിക്കണ്ടി, യു.സി. മുനീർ, മുരളീധരൻ നെരവത്ത് പൊയിൽ, അഷറഫ് വയലാളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Tags : NattuVishasham DistrictNews