പ്രതീകാത്മക ചിത്രം
കണ്ണൂര്‍: പകർച്ചപ്പനിയും മറ്റു മഴക്കാല രോഗങ്ങളും പടരുന്പോഴും കണ്ണൂര്‍ ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ജില്ലയിൽ വിവിധ സർക്കാർ ആശുപത്രികളിലായി 120 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
ഇരിട്ടി, കൂത്തുപറമ്പ്, പേരാവൂര്‍, ഇരിക്കൂര്‍, പെരിങ്ങോം തുടങ്ങിയ താലൂക്ക് ആശുപത്രികൾ, മാങ്ങാട്ടുപറന്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കല്യാശേരി എഫ്എച്ച്സി, പാനൂർ സിഎച്ച്സി, കരിക്കോട്ടക്കരി പിഎച്ച്സി തുടങ്ങിയ പ്രധാന ആശുപത്രികളിലടക്കം ജനറൽ, സ്പെഷാലിറ്റി തസ്തികളിൽ ഡോക്ടർമാരില്ല. സർക്കാർ ആശുപത്രികളിൽ വർഷങ്ങൾക്കു മുന്‍പുള്ള സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും തുടരുന്നത്. ഈ പാറ്റേണിലുള്ള തസ്തികകളിൽ പോലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത അവസ്ഥയാണ്.
ജനസംഖ്യാവർധനവും രോഗം ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നതിനുസരിച്ച് സ്റ്റാഫ് പാറ്റേൺ പുതുക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ സർക്കാർ നടപടികൾ ഉണ്ടാകാത്തതിനാൽ ജനങ്ങൾ ചികിത്സയ്ക്കായി നെട്ടോട്ടമോടുകയാണ്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് കാരണം പലരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇത് വലിയ സാന്പത്തിക ബാധ്യതയ്ക്കും ഇടയാക്കുന്നു. തസ്തികകള്‍ നികത്താത്തത് നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലിഭാരം അമിതമായി വര്‍ധിപ്പിക്കുന്നതിനൊപ്പം ചികിത്സാ നിലവാരത്തെയും ബാധിക്കുന്നുണ്ട്.
രോഗികള്‍ക്ക് ചികിത്സ ശരിയായ രീതിയിൽ ലഭ്യമാക്കുന്നതിനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്ന് സർക്കാർ സർവീസിലുള്ള ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒഴിവുള്ള മുഴുവൻ തസ്തികകളിലും നിയമനം നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെജിഎംഒഎ ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.