ചെറുപുഴ ബസ്സ്റ്റാൻഡിലേക്ക് ഒടിഞ്ഞുവീണ കൂറ്റൻ തണൽമരം.
ചെറുപുഴ: ചെറുപുഴ ബസ്സ്റ്റാൻഡിലെ കൂറ്റൻ തണൽമരം ഒടിഞ്ഞുവീണു. ചെറുപുഴ ബസ്സ്റ്റാൻഡിലുണ്ടായിരുന്ന മരമാണ് ഇന്നലെ പുലർച്ചെ അഞ്ചോടെ ചുവട്ടിൽ നിന്ന് ഒടിഞ്ഞുവീണത്. ബസ്സ്റ്റാൻഡിൽ ബസുകൾ പുറത്തേക്കു പോകുന്ന ഭാഗത്ത് തണലേകി നിന്നിരുന്ന രണ്ടു വലിയ മരങ്ങളിൽ ഒന്നാണു വീണത്.
ഈ മരത്തിനു ചുവട്ടിലാണു ദിവസവും 50 ഓളം ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കൂടാതെ പകൽ സമയത്ത് ആളുകൾ പരസ്പരം സംസാരിച്ചും ഫോൺ വിളിച്ചും ഇതിന്റെ ചുവട്ടിൽ നിൽക്കാറുണ്ട്. പകൽ സമയത്താണെങ്കിൽ ആളുകൾക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപറ്റുകയും ചെയ്യുമായിരുന്നു.
മരം വീണതറിഞ്ഞ് പെരിങ്ങോത്ത് നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചിടുകയായിരുന്നു. പോലീസും വൈദ്യുതി വകുപ്പ് ജീവനക്കാരുമെത്തി അഗ്നി രക്ഷാ സേനയ്ക്കാവശ്യമായ സഹായങ്ങൾ ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews