ജില്ലാ വികസന സമിതി യോഗം.
കല്‍പ്പറ്റ: കബനി ജലത്തില്‍ കേരളത്തിന് അവകാശപ്പെട്ട വിഹിതം ഉപയോഗപ്പെടുത്തുന്നതിനും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതിനും ആസൂത്രണം ചെയ്ത കടമാന്‍തോട് പദ്ധതിയുടെ ഡിപിആര്‍ തയാറാക്കല്‍ അന്തിമഘട്ടത്തില്‍. ജില്ലാ വികസനസമിതി യോഗത്തില്‍ കാവേരി ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചതാണ് വിവരം. കടമാന്‍തോട് പദ്ധതി നടപ്പാക്കുന്നതില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ ജനങ്ങളില്‍ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്.
ഇതിനിടെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നതില് വ്യക്തതയായത്. കടമാന്‍തോട് ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് പ്രാദേശികതലത്തില്‍ അടിയന്തരമായി യോഗം ചേരണമെന്ന് യോഗത്തില്‍ പ്രിയങ്കഗാന്ധി എംപിയുടെ പ്രതിനിധി കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു.
വിദ്യാവാഹിനി പദ്ധതിയിലൂടെ ജില്ലയിലെ മുഴുവന്‍ കുട്ടികളും വിദ്യാലയങ്ങളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉഷ വിജയന് എംഎല്‍എ ആവശ്യപ്പെട്ടു. തവിഞ്ഞാല്‍ പഞ്ചായത്തിലെ എടത്തന ട്രൈബല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാവാഹിനി പദ്ധതിയില്‍ വാഹനസൗകര്യം ഉറപ്പാക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. വിദൂരസ്ഥലങ്ങളില്‍നിന്ന് ഗോത്രവിദ്യാര്‍ഥികളെ സ്കൂളുകളില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയതാണ് പദ്ധതി. 2026-27 അധ്യയനവര്‍ഷം ജില്ലയിലെ 223 സ്കൂളുകളില്‍നിന്നുള്ള 9,524 വിദ്യാര്‍ഥികളാണ് പദ്ധതി ഗുണഭോക്താക്കളായതെന്ന് ബന്ധപ്പെട്ട വകുപ്പധികൃതര്‍ അറിയിച്ചു. പുല്‍പ്പള്ളി-പെരിക്കല്ലൂര്‍, ബീനാച്ചി-പനമരം റോഡുകളിലെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ വ്യക്തമാക്കി.
നെന്മേനി ഗവ. വനിതാ ഐടിഐക്ക് മാളിക ജിഎപി സ്കൂളിന്റെ സ്ഥലം വിട്ടുനല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കിയ അപേക്ഷ സര്‍ക്കാരിലേക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവന് എപിജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, സബ്കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം. കലാമുദ്ദീന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : NattuVishasham DistrictNews