തിരൂര്‍ക്കാട് സബ് പോസ്റ്റ് ഓഫീസ്.
രാമപുരം: ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തപാല്‍ ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പൊതുജനങ്ങളെയും വയോജനങ്ങളെയും വലയ്ക്കുന്നു. പഴക്കമേറിയ കെട്ടിടങ്ങളുടെ മുകള്‍നിലകളില്‍ പ്രവര്‍ത്തിക്കുന്ന പല സബ് പോസ്റ്റ് ഓഫീസുകളിലേക്കും എത്താന്‍ കുത്തനെയുള്ള കോണിപ്പടികള്‍ കയറേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
പലയിടങ്ങളിലും കോണിപ്പടികള്ക്ക് സുരക്ഷിതമായ കൈപ്പിടികളോ പിടിവള്ളികളോ ഇല്ലാത്ത അവസ്ഥയാണ്. ഇതോടെ ചുവരുകളിലും കയറുകളിലും തൂങ്ങിപ്പിടിച്ചാണ് ആളുകള്‍ ഓഫീസുകളിലേക്ക് കയറുന്നത്. തിരൂര്‍ക്കാട് സബ് പോസ്റ്റ് ഓഫീസിലേക്ക് കയറില്‍ തൂങ്ങി കയറേണ്ട അവസ്ഥ യാണ്. സാധാരണക്കാര്‍ക്ക് പുറമേ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഈ സാഹചര്യം ഗുരുതരമായ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്.
പെന്ഷന് തുക കൈപ്പറ്റാനും രജിസ്റ്റര്‍ ചെയ്ത കത്തുകള്‍, ബാങ്കിംഗ് സേവനങ്ങള്‍ എന്നിവയ്ക്കുമായി ദിവസേന നിരവധി പേരാണ് ഈ ഓഫീസുകളില്‍ എത്തുന്നത്. മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണനയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന സര്‍ക്കാര്‍ നിയമങ്ങളും പ്രഖ്യാപനങ്ങളും നിലനില്‍ക്കുമ്പോഴാണ് തപാല്‍ വകുപ്പിന്റെ ഈ അനാസ്ഥ.
മുന്‍കൂട്ടി വിവരമറിയിച്ചാല്‍ ചിലയിടങ്ങളില്‍ ജീവനക്കാര്‍ താഴെയെത്തി സേവനം നല്‍കുന്നുണ്ടെങ്കിലും എല്ലാ സമയത്തും ഇത് പ്രായോഗികമാകാറില്ല. അതിനാല്‍ താഴത്തെ നിലകളില്‍ പ്രവേശനം സാധ്യമല്ലാത്ത ഓഫീസുകള്‍ അടിയന്തരമായി താഴത്തെ നിലകളിലേക്ക് മാറ്റണമെന്നും അപകടകരമായ കോണിപ്പടികള്ക്ക് പകരം റാമ്പുകളും സുരക്ഷിതമായ കൈപ്പിടികളും സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായി സേവനം ലഭ്യമാക്കാന്‍ അധികൃതര്‍ ഉടനടി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tags : NattuVishasham DistrictNews