പ്രതീകാത്മക ചിത്രം
മലപ്പുറം: സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി പുനരധിവാസ മാതൃകാ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട മലപ്പുറം ജില്ലയിലെ ആതവനാട് 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിക്കുമെന്ന് ഫിഷറീസ്-സാമൂഹിക നീതി മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന്റെ പ്രതിനിധി എ.കെ. മുസ്തഫ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.
69 കോടി രൂപ ചെലവിൽ ഭിന്നശേഷിക്കാരുടെ പുനരധിവാസം, ചികിത്സ, തെറാപ്പി, കൗണ്സലിംഗ് യൂണിറ്റുകൾ, വൊക്കേഷണൽ ട്രെയിനിംഗ്, സ്പെഷൽ സ്കൂളുകൾ തുടങ്ങി ഭിന്നശേഷി വിഭാഗത്തിന്റെ സർവതോമുഖ വികസനത്തിന് ഉതകുന്ന രീതിയിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിൽ അഞ്ചുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
മലപ്പുറം ജില്ലയ്ക്കും സമീപ ജില്ലകൾക്കും പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കും. മലപ്പുറം ജില്ലയിൽ സംസ്ഥാനത്തുതന്നെ ആദ്യമായി ഭിന്നശേഷി വിവരശേഖരണത്തിനായി എം സഹജീവനം എന്ന പോർട്ടൽ ആരംഭിച്ചിട്ടുണ്ടെന്ന് കളക്ടർ ഡോ. വിനയ് ഗോയൽ യോഗത്തിൽ അറിയിച്ചു.
ജില്ലയിലെ ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് മന്ത്രിയുടെ പ്രതിനിധി യോഗത്തിൽ അഭിപ്രായപ്പെട്ടു.
ജില്ലയിലെ എല്ലാ സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുനരാരംഭിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ ആവശ്യപ്പെട്ടു. ജില്ലയിൽ ആരോഗ്യമേഖലയിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ സംബന്ധിച്ച റിപ്പോർട്ട് തയാറാക്കി ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു.
ദേശീയപാതയിൽ ടോൾ ബൂത്തിന് സമീപമുള്ള ആളുകളെയും ദിവസേന സർവീസ് നടത്തുന്ന ബസുകളെയും ടോളിൽനിന്ന് ഒഴിവാക്കണമന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ ആവശ്യപ്പെട്ടു. മാത്രമല്ല, ഉണ്യാൽ, ചുങ്കം പ്രദേശങ്ങളിൽ മതിയായ ഡ്രൈനേജ് സംവിധാനമില്ലാത്തതിനാൽ മഴവെള്ളം വീടുകളിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യം ഒഴിവാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
നിർമാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ്, തദ്ദേശവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും കളക്ടർ യോഗത്തിൽ അറിയിച്ചു.
ജൽജീവൻ പദ്ധതിയുടെ ഭാഗമായി തിരൂർ മണ്ഡലത്തിൽ തകർന്ന റോഡ് ഡിസംബറോടെ പുനരുദ്ധരിക്കുമെന്ന് വാട്ടർ അഥോറിറ്റി പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ യോഗത്തിൽ അറിയിച്ചു. എംഎൽഎ കുറുക്കോളി മെയ്തീനാണ് വിഷയമുന്നയിച്ചത്.
നടപടികളിൽ ഉദ്യോഗസ്ഥ തലത്തിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. തിരുനാവായ പാലത്തിന് സമീപം ആർബിഡിസികെയുടെ ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യ വ്യക്തി കൈയേറി മതിൽ കെട്ടിയതിൽ കൈയേറ്റം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് 2024ൽ ലഭിച്ചതിന് ശേഷവും കൈയേറ്റം ഒഴിപ്പിക്കാത്ത വിഷയത്തിലാണ് എംഎൽഎയുടെ പ്രതികരണം.
Tags : NattuVishasham DistrictNews