ക്ഷാധികാരി അഡ്വ. വി. പി. യെല്‍ദോ പ്രസംഗിക്കുന്നു.
കല്‍പ്പറ്റ: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രവുമായി (എസ്എച്ച്ആര്‍പിസി) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കമ്മിറ്റി കല്‍പ്പറ്റ-മാനന്തവാടി റോഡിലെ മുരണിക്കരയില്‍ വയനാട് ഗവ. മെഡിക്കല്‍ കോളജിന്റെ പ്രവേശന കവാടം പ്രതീകാത്മകമായി സ്ഥാപിച്ചു.
മെഡിക്കല്‍ കോളജിനുള്ള സ്ഥിരനിര്‍മാണം മടക്കിമലയ്ക്കടുത്ത് കോട്ടത്തറ വില്ലേജില്‍ സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ നടത്തണമെന്ന ആവശ്യവുമായി നടത്തിവരുന്ന പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കവാടം സ്ഥാപിച്ചത്. മെഡിക്കല്‍ കോളജിന് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്ന് നേരത്തെ ഏറ്റെടുത്ത ഭൂമിയിലേക്ക് നിര്‍മിച്ച വഴി ആരംഭിക്കുന്നത് മുരണിക്കരയിലാണ്. മെഡിക്കല്‍ കോളജിന് മാനന്തവാടിക്കടുത്ത് കെഎസ്ഇബിയുടെ കൈവശമുള്ള 28 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചന നടക്കുന്ന സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി സമരം ശക്തമാക്കുന്നത്.
കവാടം ഉദ്ഘാടനം ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി അഡ്വ. വി.പി. യെല്‍ദോ നിര്‍വഹിച്ചു. മുമ്പുണ്ടായിരുന്നതടക്കം ജനപ്രതിനിധികളുടെ കഴിവില്ലായ്മയും അലംഭാവവുമാണ് വയനാടിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജ് വിഷയത്തില്‍ മാനന്തവാടി എംഎല്‍എ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
എസ്എച്ച്ആര്‍പിസി ജില്ലാ പ്രസിഡന്റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ മെഴുകുതിരികള്‍ തെളിയിച്ച് പ്രതിഷേധജ്വാല ഉയര്‍ത്തി. സാമൂഹികപ്രവര്ത്തകന് ഇ.പി. ഫിലിപ്പുകുട്ടി മുഖ്യപ്രഭാഷണം നടത്തി. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഡോ.എം. ബാലകൃഷ്ണന്, അഡ്വ. ടി.യു. ബാബു, കുന്നത്ത് അഷ്റഫ്, എ.കെ. മൊയ്തു, ശാന്തകുമാരി വിനായക, അബ്ദുള്‍ ഖാദര്‍ മടക്കിമല, എച്ച്. സുജാത, എസ്എച്ച്ആര്‍പിസി ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews