പ്രതീകാത്മക ചിത്രം
കണ്ണൂര്‍: സംസ്ഥാനത്തെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവർക്ക് ഇപ്പോഴും ഒരു വർഷത്തിലേറെയുള്ള പെൻഷൻ കുടിശിക. പ്രതിമാസം നൽകിവന്നിരുന്ന 1,600 രൂപയാണ് കഴിഞ്ഞ 13 മാസങ്ങളായി വിതരണം ചെയ്യാതെ കുടിശികയായിരിക്കുന്നത്.
60 വയസ് കഴിഞ്ഞവർക്കാണ് പെൻഷൻ നൽകിവരുന്നത്. 4.15 ലക്ഷത്തിലധികം ഗുണഭോക്താക്കളാണ് പെൻഷൻ പദ്ധതിയിലുള്ളത്. ഇവർക്ക് ഒരു മാസത്തെ പെന്ഷന് വിതരണത്തിന് 65 കോടി രൂപയിലധികം വേണ്ടി വരുമെന്നാണ് കണക്ക്. കഴിഞ്ഞ മാര്‍ച്ചില്‍ ആറു മാസത്തെ കുടിശികയായ 9,600 രൂപ വീതവും പിന്നീട് ജൂണില്‍ ഒരു മാസത്തെ പെന്‍ഷനും നല്‍കിയിരുന്നെങ്കിലും ബാക്കിയുള്ളവ നൽകിയിട്ടില്ല. ഇത് എപ്പോൾ വിതരണം ചെയ്യുമെന്ന കാര്യത്തിൽ ബന്ധപ്പെട്ടവർക്കും വ്യക്തമായ മറുപടി നൽകാനാകുന്നില്ല. 2025 ലെ ഏഴു മാസത്തെയും 2026ലെ ആറു മാസത്തെയും തുകയാണ് കിട്ടാനുള്ളത്. അംഗങ്ങള്‍ക്കുള്ള വിവാഹ ധനസഹായം, പ്രസവാനുകൂല്യം, മരണാനന്തര, അപകടമരണ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, കിടപ്പുരോഗികള്‍ക്കുള്ള ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം എന്നിവയുടെ കുടിശികയാണ്. 2024 മാര്‍ച്ചിന് ശേഷമുള്ള മരണാന്തര സഹായം വിതരണം ചെയ്തിട്ടില്ല. കിടപ്പുരോഗികള്‍ക്കുള്ള ചികിത്സാ ധനസഹായവും വലിയ തോതില്‍ വിതരണം ചെയ്യാനുണ്ട്.
അതേ സമയം സെസ് ഇനത്തിലും അംശാദായമായും ലഭിക്കുന്ന തുക പെന്‍ഷനും മറ്റാനുകൂല്യങ്ങളും മുടങ്ങാതെ വിതരണം ചെയ്യുന്നതിന് പര്യാപ്തമല്ലെന്നാണ് അധികൃതരുടെ വിശദീകരണം. പുതിയ വീടുവയ്ക്കുന്നവരില്‍ നിന്ന് എസ്റ്റിമേറ്റ് തുകയുടെ ഒരുശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ സെസായി ഈടാക്കിയാണ് ക്ഷേമനിധി ബോര്‍ഡിന് നല്‍കുന്നത്. എന്നാല്‍ സെസ് പിരിവിൽ വർധന സംഭവിക്കാത്തതാണ് ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്നും ബന്ധപ്പെട്ടവർ പറയുന്നു. വരവിനേക്കാള്‍ ഒരു മാസം 20 കോടിയിലധികം രൂപ ചെലവാകുന്നത് ക്ഷേമ നിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം തന്നെ താറുമാറാക്കിയെന്ന് ക്ഷേമനിധി ബോർഡിലെ ഒരു മുൻ അംഗം പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കുടിശികയും തീര്‍ത്ത് നല്‍കുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട നടപടികൾ പോലും ആരംഭിച്ചില്ലെന്ന് ഇന്ത്യൻ നാഷണൽ ലേബർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ ആരോപിച്ചു.
Tags : Nattuvishesham DistrictNews DeepikaNews pension