പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ വിഴിഞ്ഞം സ്വദേശി പനിയടിമക്ക് അനുകൂലമായ വിധിവന്നു. തീരസംരക്ഷണ സേനയുടെ ചെറു നിരീക്ഷണക്കപ്പൽ ജപ്തി ചെയ്ത് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്.
കോടതിയിൽനിന്ന് ആമീൻ വിഴിഞ്ഞത്തെത്തിയെങ്കിലും കപ്പൽ കടൽനിരീക്ഷണത്തിനു പോയതിനാൽ ഇപ് തിക്ക് മുന്നോടിയായുള്ള നോട്ടീസ് ഒട്ടിക്കാതെ മടങ്ങി. നാളെ നോട്ടീസ് പതിക്കലുണ്ടാകുമെന്ന് അധികൃതർ പറയുന്നു. 2007 നവംബർ ഏഴിനാണ് പരാതിക്ക് കാരണമായ സംഭവമുണ്ടായത്. മീൻ പിടിത്തം കഴിഞ്ഞ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന പനിയടിമയുടെ തങ്ങൽ ബോട്ടായ അന്നൈ ദൈവദാനത്തെ തീരസംരക്ഷണ സേനയുടെ സി 34 എന്ന ചെറുകപ്പൽ പട്രോളിംഗിനു പോകാൻ പുറകോട്ട് എടുക്കുന്നതിനിടെ ഇടിച്ച് തകർക്കുകയായിരുന്നു.
കടലിൽ താഴ്ന്ന മത്സ്യബന്ധന ബോട്ട് ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ കരക്ക് കയറ്റിയ അധികൃതർ അറ്റകുറ്റപ്പണി നടത്തി പനിയടിമയ്ക്കു തിരികെ നൽകിയെങ്കിലും ഒരാഴ്ചക്കുള്ളിൽ വീണ്ടും കടലിൽ മുങ്ങിത്താണു. അതോടെ പനിയടിമയും കൂടെയുണ്ടായിരുന്ന പതിനഞ്ച് തൊഴിലാളികളും തൊഴിൽ രഹിതരാവുകയും ചെയ് തു. തിരിച്ചെടുക്കാൻ പറ്റാത്തവിധം കടലാഴങ്ങളിൽ താഴ്ന്ന ലക്ഷങ്ങൾ വില വരുന്ന മത്സ്യബന്ധന ബോട്ടിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് പനിയടിമ വർഷങ്ങളോളം ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ അഞ്ചു വർഷത്തിനുശേഷം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഹൈക്കോടതിയിൽനിന്ന് കേസ് നെയ്യാറ്റിൻകര സബ് കോടതിയിലേക്ക് മാറ്റി. നിയമ പോരാട്ടത്തിനിടയിൽ കഴിഞ്ഞ വർഷം മതിയായ നഷ്ടപരിഹാരം നൽകാൻ കോടതി സേനാ അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു.
വിധി നടപ്പാക്കാൻ വൈകിയതോടെയാണു വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ അനഖ് എന്ന കപ്പലിനെതിരേ നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടതെന്നു പനിയടിമ പറയുന്നു. വിധി നടപ്പാക്കുന്നതിന് മുന്നോടിയായുടെ നോട്ടിസ് പതിക്കാൻ ഇന്നലെ വൈകുന്നേരം കോടതി അധികൃതർ എത്തിയെങ്കിലും നടന്നില്ല. നാല്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി വിധിച്ചതെന്ന് പനിയടിമ പറയുന്നു.
Tags : NattuVishasham DistrictNews