ആലപ്പുഴ: പ്രദേശത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും ദേശീയപാത അഥോറിറ്റിയുടെ അനാസ്ഥയിലും മുന്നൂറോളം വീടുകൾ വെള്ളത്തിനടിയിലായി. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച സർവീസ് റോഡും മറ്റ് നിർമാണപ്രവർത്തനങ്ങളും കാരണം സ്വാഭാവിക തോടുകൾ മൂടിയതാണ് ഈ ദുരവസ്ഥയ്ക്കു കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാലു ദിവസമായി തുടരുന്ന വെള്ളക്കെട്ട് ജനജീവിതം പൂർണമായും ദുരിതത്തിലാക്കിയിരിക്കുകയാണ്.
ദേശീയപാത അഥോറിറ്റിയുടെയും കരാർ കമ്പനിയുടെയും കൃത്യവിലോപമാണ് ഈ കൃത്രിമ വെള്ളപ്പൊക്കത്തിന് വഴിവച്ചത്. പ്രദേശത്തെ പ്രധാന തോടുകളും ഓടകളും മണ്ണും അവശിഷ്ടങ്ങളും ഇട്ട് മൂടിയതോടെ മഴവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതായി. വീടുകളുടെ ഉള്ളിൽ വരെ മുട്ടൊപ്പം വെള്ളം ഉയർന്നതോടെ രോഗികളും പ്രായമായവരും കുട്ടികളും അടങ്ങുന്ന കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലാണ്.
തോടുകൾ അടിയന്തരമായി പുനരുദ്ധരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് യുവജ്യോതി കെസിവൈഎം ആലപ്പുഴ രൂപത സമിതി. കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റിൽനിന്നുള്ള അവശിഷ്ടങ്ങൾ കൂടി തോടുകളിൽ അടിഞ്ഞുകൂടിയത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. പ്രശ്നത്തിന് ശാശ്വതപരിഹാരം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് രൂപത പ്രസിഡന്റ് പി.ജെ. എൽറോയ് പറഞ്ഞു.
ഡയറക്ടർ ഫാ. ജോർജ് ഇരട്ടപ്പുളിക്കൽ, സിസ്റ്റർ റീന തോമസ്, ജനറൽ സെക്രട്ടറി നയന ജോൺ, ആകാശ് ആന്റണി, സെലിൻ ഐസക്, നൈൽ തോമസ്, ഷീൻ ജോബ്, ലിബിൻ കിങ്കരൻ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Three hundred houses flooded