തൊടുപുഴ: സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയതോടെ ജില്ലയും തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നു. അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇടതുമുന്നണി ആദ്യഘട്ട പ്രചാരണത്തില്‍ ഒരുപടി മുന്നിലെത്തി. തൊടുപുഴ നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി സിറിയക് ചാഴികാടന് കൂടി എത്തിയതോടെയാണ് എല്‍ഡിഎഫ് പ്രചാരണത്തില്‍ മുന്നിലെത്തിയത്.
ദിവസങ്ങള്‍ക്കു മുമ്പുതന്നെ പ്രഖ്യാപിച്ചതിനാല്‍ മന്ത്രി റോഷി അഗസ്റ്റിന് ഇടുക്കി നിയോജക മണ്ഡലത്തില്‍ പ്രചാരണം നേരത്തേ ആരംഭിച്ചിരുന്നു. സിപിഎം സ്ഥാനാര്‍ഥികളായ കെ.കെ. ജയചന്ദ്രന് ഉടുമ്പന്‍ചോലയിലും എ. രാജ ദേവികുളത്തും സിപിഐ സ്ഥാനാര്‍ഥിയായ കെ. സലിംകുമാര്‍ പീരുമേട്ടിലും തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ തിരക്കിലാണ്. റോഡ്ഷോ നടത്തിയും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടുമാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണം കൊഴുപ്പിക്കുന്നത്.
ഇന്നലെ തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിറിയക് ചാഴികാടന് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ അദ്ദേഹം വോട്ടഭ്യര്‍ഥിച്ചു. നഗരത്തില്‍ റോഡ്ഷോയും നടത്തി. കേരള കോണ്‍ഗ്രസ്-എം നേതാക്കളായ കെ.ഐ. ആന്റണി, ജിമ്മി മറ്റത്തിപ്പാറ, റെജി കുന്നംകോട്ട്, സിപിഎം നേതാക്കളായ കെ.പി. മേരി, ലിനു ജോസ് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. പിന്നീട് കരിങ്കുന്നത്തുനിന്നാരംഭിച്ച പര്യടനം വെങ്ങല്ലൂര്‍, മുതലക്കോടം, കലയന്താനി, ആലക്കോട്, കുന്നം തുടങ്ങി വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് തൊടുപുഴയില്‍ സമാപിച്ചു.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇന്നലെ പ്രഖ്യാപിച്ച അപു ജോണ്‍ ജോസഫ് ഇന്നു മുതല്‍ പ്രചാരണരംഗത്ത് സജീവമാകും. പിതാവായ പി.ജെ. ജോസഫിന്റെ തട്ടകമെന്ന നിലയില്‍ തൊടുപുഴ നിയോജകമണ്ഡലത്തില്‍ അദ്ദേഹത്തിനുള്ള വ്യക്തിബന്ധങ്ങളും മറ്റും തെരഞ്ഞെടുപ്പു രംഗത്ത് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. അപു ജോണ്‍ ജോസഫിന്റെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം വലിയ തോതില്‍ ആവേശകരമാക്കാനാണ് പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. പി.ജെ. ജോസഫ് തൊടുപുഴയില്‍ കൊണ്ടുവന്ന വികസനനേട്ടങ്ങളാകും അപുവിന്റെ പ്രധാന പ്രചാരണായുധം.
കോണ്‍ഗ്രസ് ആദ്യം പുറത്തിറക്കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടുക്കി ഉള്‍പ്പെടാത്തതിനാല്‍ പാര്‍ട്ടി മത്സരിക്കുന്ന നാലു നിയോജക മണ്ഡലങ്ങളിലും ചിത്രം വ്യക്തമായിട്ടില്ല. ഇന്നു സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാകാത്തതിനാല്‍ എന്‍ഡിഎയും പ്രചാരണ രംഗത്ത് സജീവമായിട്ടില്ല.
ദേവികുളത്ത് എസ്. രാജേന്ദ്രനും ഉടുമ്പന്‍ചോലയില്‍ സംഗീത വിശ്വനാഥനുമാണ് എന്‍ഡിഎക്കുവേണ്ടി മത്സരിക്കുന്നത്. ഇടുക്കി, തൊടുപുഴ, പീരുമേട് മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.