പ്രതീകാത്മക ചിത്രം
തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ വെങ്ങല്ലൂര്‍ സോക്കര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നാളെ തൂഫാന് - 2026 കായിക മേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പോലീസിന്റെ ലഹരിവിരുദ്ധ പരിപാടിയായ ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടി.
വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പരിപാടി ഒളിമ്പ്യന്‍ സിനി ജോസ് ഉദ്ഘാടനം ചെയ്യും. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് ഫുട്ബോള്‍ മത്സരങ്ങളുടെ കിക്ക് ഓഫ് നിര്‍വഹിക്കും. റോയി കെ. പൗലോസ് എംഎല്‍എ ദീപശിഖ തെളിക്കും.
വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ മുഖ്യപ്രഭാഷണം നടത്തും. ഡിവൈഎസ്പി പി.എം. ബൈജു സന്ദേശം നല്‍കും. കായിക താരങ്ങളെ കെവിവിഇഎസ് ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ ആദരിക്കും. തുടര്‍ന്ന് മുന്‍ ദേശീയ ഫുട്ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന പ്രദര്‍ശന മത്സരം നടക്കും. ജോപോള്‍ അഞ്ചേരി, എം. സുരേഷ് എന്നിവര്‍ നയിക്കുന്ന ജിംഖാന തൃശൂര്‍ ടീമും എന്‍.പി. പ്രദീപ് നയിക്കുന്ന തൂഫാന് വാരിയേഴ്സ് ഇടുക്കിയും തമ്മിലാണ് മത്സരം. മുന്‍ സന്തോഷ് ട്രോഫി താരങ്ങളും അണിനിരക്കും. കൂടാതെ, യൂത്ത് ലെവല്‍ വനിതാ ഫുട്ബോള്‍ പ്രദര്‍ശന മത്സരം, 60 വയസിന് മുകളിലുള്ള വ്യാപാരികള്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ട്, വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.
പത്രസമ്മേളനത്തില്‍ തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിം കുട്ടി, റോട്ടറി ക്ലബ് പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, എസ്ഐ വി.എ. ബിജു, അസോസിയേഷന് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.