നെയ്യാർഡാം: കനാലിൽ വെള്ളം തുറന്നാൽ വെള്ളക്കെട്ടിലായി നെയ്യാർഡാം-കാട്ടാക്കട റോഡ്. നെയ്യാർ വലതുകര കനാലിലെ ചോർച്ചമൂലം നെയ്യാർഡാം റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ഇനിയും നടപടിയില്ല.
വലതുകര കനാലിലെ പണിക്കിടെയുണ്ടായ വിള്ളലിലൂടെ വെള്ളം തള്ളിക്കയറുന്നതാണ് പഞ്ചായത്ത് ഓഫീസിനു സമീപം തുണ്ടുനടയിൽ വെള്ളക്കെട്ടിനിടയാക്കുന്നത്. വർഷങ്ങൾക്കുമുൻപ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കനാൽ വൃത്തിയാക്കിയിരുന്നു. അപ്പോഴാണ് വശങ്ങൾ അടർന്നു വിള്ളലുണ്ടായത്. തുടർന്നു കനാൽവഴി വെള്ളം തുറന്നുവിടുമ്പോഴൊക്കെ സമീപത്തൊക്കെ വെള്ളം കയറുന്ന സ്ഥിതിയായി.
റോഡരികിലെ കെട്ടിടങ്ങൾക്ക് അടിയിലൂടെയാണ് വെള്ളം റോഡിലേക്ക് ഒഴുകുന്നത്. തുടർച്ചയായി വെള്ളം ഒഴുകിപരക്കുന്നതിനാൽ ഇവിടെ മാലിന്യവും നിറഞ്ഞു. മഴക്കാലത്ത് ഇവിടെയുണ്ടാകുന്ന വെള്ളക്കെട്ട് നെയ്യാർഡാമിലേക്കെത്തുന്ന സഞ്ചാരികൾക്കും ഇവിടത്തെ വ്യാപാരസ്ഥാപനങ്ങളിലെത്തുന്നവർക്കും ബുദ്ധിമുട്ടാണ്.
വലതുകര കനാൽ ബണ്ടും അടിത്തറയും കോൺക്രീറ്റ് ചെയ്താൽ പ്രശ്നത്തിനു പരിഹാരമാകുമെന്നു സ്ഥലവാസികൾ ചൂണ്ടിക്കാട്ടി. ഇക്കാര്യം ആവശ്യപ്പെട്ടു നെയ്യാർ ജലസേചന വകുപ്പ് ഓഫീസിൽ പലതവണ പരാതി നൽകിയിട്ടും പരിഗണിക്കുന്നില്ല. പ്രശ്ന പരിഹാരത്തിനായി സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.