ചമ്പക്കുളം: കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറാതെ തടയാൻ സംവിധാനങ്ങൾ പരാജയപ്പെടുന്നതായി വ്യാപക പരാതി. മത്സ്യബന്ധനമേഖലയ്ക്ക് ഗുണകരമാണ് ഉപ്പുവെള്ളം. മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നത് ഉപ്പുജലത്തിന്റെ സാന്നിധ്യത്തിലാണ്. എന്നാൽ ഇതു പാടശേഖരങ്ങളിലെത്തി നെൽകൃഷി നശിക്കുന്ന സ്ഥിതി ഒഴിവാക്കണമെന്ന് കർഷകർ.
ഉൾനാടൻ ജലാശയങ്ങളിലേക്ക് ഉപ്പുജലം കടക്കുന്നത് മത്സ്യതൊഴിലാളികൾക്ക് ഗുണകരമാണ്. ഇതിന് കുട്ടനാടൻ കർഷകർ എതിരല്ല.
എന്നാൽ, ഏക്കർ ഒന്നിന് 30,000 രൂപ മുതൽ 40,000 വരെ രൂപ ചെലവഴിച്ചു നടത്തുന്ന ആയിരക്കണക്കിന് ഏക്കർ നെൽകൃഷി നഷ്ടപ്പെടുത്താതെ നോക്കുകയും വേണം. നെൽകൃഷിയുടെ സമയം നോക്കി മാത്രം തണ്ണീർമുക്കം ബണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുകയെന്നതാണ് പോംവഴി.
തോട്ടപ്പള്ളി സ്പിൽവേ അറ്റുകുറ്റപ്പണികൾ നടത്തി പൂർണമായി അടയ്ക്കുകയും ഓരുമുട്ടുകൾ സ്ഥാപിക്കേണ്ടിടത്ത് സ്ഥാപിക്കുകയും ചെയ്താൽ തീർക്കാവുന്ന പ്രശ്നമാണിത്. എന്നാൽ ചിലരുടെ ഇടപെടൽ മത്സ്യത്തൊഴിലാളികളെയും കുട്ടനാടൻ കർഷകരെയും രണ്ടു ചേരിയിലാക്കി പ്രശ്നങ്ങൾ സങ്കീർണമാക്കുകയും ചെയ്യുന്നുണ്ട്.
ലവണാംശം
പരിശോധിക്കണം
തണ്ണീർമുക്കം ബണ്ടിനു തെക്കും തോട്ടപ്പള്ളി സ്പിൽവേയ്ക്ക് കിഴക്കുമാറിയും വെള്ളത്തിലെ ലവണാംശം പരിശോധിക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് കുട്ടനാടൻ കർഷകരുടെ ആവശ്യം. അങ്ങനെയുണ്ടായാൽ നെൽകൃഷി സമയത്ത് ഉപ്പിന്റെ അളവനുസരിച്ച് നടപടികൾ സ്വീകരിക്കാനാകും. ഇപ്പോൾ ഉപ്പുവെള്ളമെത്തിയെന്നു കർഷകർ പരാതിപ്പെട്ടാൽ മാത്രമേ നടപടിയുള്ളൂ എന്നതാണു സ്ഥിതി.
കൈനകരി, നെടുമുടി, ചമ്പക്കുളം, തകഴി, എടത്വ, രാമങ്കരി, കാവാലം, പുളിങ്കുന്ന്, നീലംപേരൂർ തുടങ്ങി കുട്ടനാട്ടിലെ പല പാടശേഖരങ്ങളും ഉപ്പുജല ഭീതിയിലാണ്. ഉപ്പുജല ഭീഷണി നേരിടാൻ ജില്ലാ തലത്തിൽ കഴിഞ്ഞദിവസം കൂടാൻ നിശ്ചയിച്ച യോഗം പോലും മാറ്റിവച്ചു.
ഉപ്പുജലം കയറുന്നതിനു മുന്പേ നടപടിയെടുത്തില്ലെങ്കിൽ കുട്ടനാടൻ കർഷകർക്ക് അതുണ്ടാക്കുന്ന നഷ്ടം വലുതായിരിക്കും. കഴിഞ്ഞ വർഷം കയറിയ ഉപ്പിന്റെ അംശമാണ് ഇപ്പോൾ കുട്ടനാട്ടിലെ നദികളുടെ അടിത്തട്ടിൽ കിടക്കുന്നതെന്നും അതു വലിയ പ്രശ്നം സൃഷ്ടിക്കില്ലെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വ്യാഖ്യാനം.
ഡാം വെള്ളം
എത്തിക്കണമെന്ന്
ആവശ്യം
ചമ്പക്കുളം: കുട്ടനാട്ടിലെ നദികളിലെയും ജലാശയങ്ങളിലെയും ഉപ്പുവെള്ളം പൂർണമായി ഒഴിവാക്കാൻ നിയന്ത്രിത ആളവിൽ ഡാമിൽ നിന്നും വെള്ളം ഒഴുക്കി ഉപ്പിന്റെ കാഠിന്യം കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉപ്പുജല ഭീഷണി കൂടും മുന്പു തന്നെ ഡാമിൽ നിന്ന് വെള്ളം നിയന്ത്രിത അളവിൽ ഒഴുക്കി നെൽകൃഷി സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നാണ് കുട്ടനാടൻ നെൽകർഷകരുടെ ആവശ്യം.
ഇക്കാര്യത്തിൽ താമസം വന്നാൽ കുട്ടനാടിനുണ്ടാകുന്ന നഷ്ടം അതിഭീമമായിരിക്കും. വർഷങ്ങളായി നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന നെൽകൃഷിമേഖലക്ക് ഇതുകൂടി താങ്ങാനുള്ള കരുത്തില്ലെന്നാണ് നെൽ കർഷകർ പങ്കുവയ്ക്കുന്ന ആശങ്ക.
Tags : rice farming nattuvisesham local news