ആലപ്പുഴ: ചൊവ്വയിലെ റോവറുകളെ ഭൂമിയിലിരുന്ന് നിയന്ത്രിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയുടെ മാതൃകയിൽ വിദൂരനിയന്ത്രിത റോവർ നിർമാണമുൾപ്പെടെ കുട്ടികളെ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ് ക്യാമ്പ് ഏഴ്, എട്ട് തീയതികളിൽ ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഐഒടി ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന എംക്യൂ ടി ടി ("മെസേജ് ക്യൂയിംഗ് ടെലിമെട്രി ട്രാൻസ്പോർട്ട്") പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് കുട്ടികൾ റോവറുകൾ നിയന്ത്രിക്കുന്നത്.
ഗ്രഹങ്ങൾ, ഖനികൾ, മാൻഹോളുകൾ തുടങ്ങി മനുഷ്യർക്ക് എത്താൻ പ്രയാസമുള്ള ഇടങ്ങളിൽ പരീക്ഷണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന വിദൂരനിയന്ത്രിത റോവർ ഉപകരണങ്ങൾ തയാറാക്കാൻ കുട്ടികൾ ഇതിലൂടെ പരിശീലനം നേടുന്നു.
കൈറ്റ് പുതുതായി സ്കൂളുകൾക്ക് നൽകുന്ന ഇ.എസ്.പി 32 മൈക്രോ കൺട്രോളർ ഉൾപ്പെട്ട അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലെ വിവിധ പ്രവർത്തനങ്ങളുടെ തുടർച്ചയായി സബ് ജില്ലാ ക്യാമ്പുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 82 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
ശനിയാഴ്ച രാവിലെ പത്തിന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് കുട്ടികളുമായി ക്യാമ്പിൽ സംവദിക്കും.
ജില്ലയിലെ സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും തുടർന്ന് നടത്തും.
Tags : Little Kites nattuvishesham local news