വെഞ്ഞാറമൂട് : ക്ലാസിക്കൽ നൃത്തം മുതൽ മോഡലിംഗിലും ഒന്നാം സ്ഥാനത്താണ് അൽ ഹംദ എന്ന ആറു വയസുകാരി. ഈ വർഷം ഒന്നാം ക്ലാസിൽ പഠനം തുടങ്ങിയ ഈ കുഞ്ഞു മകൾ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചു ഒന്നാം സ്ഥാനം നേടി വെഞ്ഞാറമൂടുകാർക്ക് അഭിമാനമായിരിക്കുകയാണ്.
നാലു വയസു മുതൽ നൃത്ത പരിശീലനം ആരംഭിച്ച അൽ ഹംദ വിവിധ മത്സര വേദികളിൽ തന്റെ പ്രകടനം കാഴ്ചവച്ചു സമ്മാനം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഹരിദ്വാറിൽ നടന്ന ലിറ്റിൽ മിസ് ഗ്ലോബൽ യൂണിവേഴ്സൽ ഇന്ത്യ 2026 മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു അൽ ഹംദ മിസ് ഗ്ലോബൽ യൂണിവേഴ്സൽ ഇന്ത്യ കിരീടം നേടിയത്.
കൂടാതെ ഈ വർഷം തന്നെ കൊച്ചിയിൽ നടന്ന "സ്റ്റൈൽ ഐക്കോൺ ഓഫ് കേരളാ' 2026 ലും അൽ ഹംദ വിജയിച്ചിരുന്നു.
കൊല്ലത്ത് നടന്ന "വോഗ് മിനീസ് 2026', ചെന്നൈയിൽ നടന്ന ഐ ക്യു ഇന്റർനാഷണൽ അക്കാദമിക് അവതരിപ്പിച്ച 2026 ഡാൻസ് മത്സരത്തിൽ സബ് ജൂണിയർ വിജയി ആവുകയും ചെയ്തിരുന്നു. ജൂണിയർ വിഭാഗത്തിൽ കൂടാതെ എസ്ഡിഎൻ വേൾഡ് ബുക്ക് ഓഫ് റിക്കാർഡ് അവാർഡും ഈ കൊച്ചു മിടുക്കി നേടി.
മോഡൽ കോച്ചായ അൻഷാദ് അസീസ്, ഗ്രൂമർ കൊറിയോഗ്രാഫർ തൻവിൻ താജ് എന്നിവരുടെ ശിക്ഷണത്തിലാണ് വിജയങ്ങൾ നേടിയത്. നൃത്തത്തിൽ ഡാൻസ് മാസ്റ്റർമാരായ അഖിൽ, അഭിജിത്, ദേവു എന്നിവരുടെ പിന്തുണയും കൂടിയുണ്ട് ഈ കുഞ്ഞു കലാകാരിക്ക്. വെഞ്ഞാറമൂട് മൈലക്കലീൽ അജി- റജീന ബീവി ദമ്പതികളുടെ മകളാണ് അൽഹംദ. അഹമ്മദ്,അലിഫ് എന്നിവർ സഹോദരൻമാരാണ്.
ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ അൽ ഹംദ ക്ലാസിക്കൽ ഡാൻസും സിനിമാറ്റിക് ഡാൻസും നൃത്തച്ചുവടുകൾവച്ച് ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.