വാഹനങ്ങൾക്ക് തിരിഞ്ഞു പ്രവേശിക്കാൻ തടസമായ കട ഉൾപ്പെട്ട ഭാഗം.
കണമല: ശബരിമല പാതയിൽ റോഡിന്റെ വികസനത്തിനുവേണ്ടി 1.70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജാതിമത രാഷ്ട്രീയ ഭേദമന്യേ നാട് കൈകോർത്തു. മൂക്കൻപെട്ടി കവലയിൽ റോഡിൽ വലിയ വാഹനങ്ങൾക്ക് തിരിഞ്ഞു പ്രവേശിക്കാൻ തടസമായ കടയാണ് നാട്ടുകാർ നഷ്ടപരിഹാരം നൽകി പൊളിക്കുന്നത്. ഇതിനായി മൂന്ന് വാർഡിലെ ജനങ്ങളാണ് സംഭാവന നൽകിയത്.
മൂക്കൻപെട്ടി കവലയിൽ കോരുത്തോട് റോഡിനും എയ്ഞ്ചൽവാലി റോഡിനും നടുവിലാണ് വലിയ വാഹനങ്ങൾക്ക് തിരിഞ്ഞു പ്രവേശിക്കാൻ തടസമായ കടയുള്ളത്. പ്രൈവറ്റ് ബസുകൾ ഇവിടെ തിരിഞ്ഞു പ്രവേശിക്കാൻ ബസ് പുറകോട്ടും മുന്നോട്ടും കുറഞ്ഞത് രണ്ട് തവണയെങ്കിലും നീക്കണം. ശബരിമല സീസണിൽ ഉൾപ്പടെ റോഡിൽ വാഹന തിരക്കുണ്ടെങ്കിൽ ഇത് ഏറെ പ്രയാസകരമാണ്. പരിചിതമല്ലാത്ത വാഹനങ്ങൾ ഈ ഭാഗത്ത് അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്.
റോഡരികിൽ ടാക്സികളും ഓട്ടോറിക്ഷകളും പാർക്ക് ചെയ്തു കിടന്നാൽ ഈ വാഹനങ്ങൾ മാറ്റി വേണം വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ. ശബരിമല സീസണിൽ ഈ ഭാഗത്ത് പോലീസുകാർ ഡ്യൂട്ടിയിൽനിന്നാണ് ഇതിന് സൗകര്യം ഒരുക്കുന്നത്. പട്ടയമില്ലാത്ത ഭൂമിയിലുള്ള കടയാണ് പ്രധാന തടസമായുള്ളത്. ഈ കട പൊളിച്ചു സ്ഥലം റോഡിന് നൽകാൻ നാട്ടുകാർ കട വാടകയ്ക്ക് നടത്തുന്ന കുടുംബവുമായും സ്ഥലത്തിന്റെ ഉടമയുമായും ചർച്ച നടത്തിയാണ് ഒടുവിൽ നഷ്ടപരിഹാരം നൽകുക എന്ന ഒത്തുതീർപ്പിലേക്ക് എത്തിയത്.
തന്റെ സ്ഥലത്തുതന്നെ പുതിയ കെട്ടിടത്തിൽ കടമുറി വാടകയ്ക്ക് നൽകാമെന്ന് സ്ഥലം ഉടമ അറിയിച്ചു. രണ്ട് ലക്ഷം രൂപ എങ്കിലും കട പൊളിച്ചു മാറ്റി സ്ഥാപിക്കാൻ വേണ്ടി വരുമെന്ന് കട നടത്തുന്ന കുടുംബം പറഞ്ഞു. തുടർന്ന് ചർച്ചയിൽ 1.70 ലക്ഷം രൂപ കട നടത്തുന്ന കുടുംബത്തിന് കട പൊളിച്ചു മാറ്റുന്നതിന് നൽകാൻ ജനകീയ ചർച്ചയിൽ ധാരണയായി.
ഇതിനായി പമ്പാവാലി, എയ്ഞ്ചൽവാലി, മൂക്കൻപെട്ടി എന്നീ വാർഡുകളിൽ കഴിഞ്ഞ ദിവസം വാർഡ് മെംബർമാരായ ടോം, ത്രേസ്യാമ്മ ചാക്കോ, പി.എസ്. സുരണ്യ എന്നിവരുടെ നേതൃത്വത്തിൽ ധന ശേഖരണം നടത്തി. ഇന്നലെ വൈകുന്നേരം ജനകീയ സമിതി ചേർന്ന് ധനസഹായം കൈമാറി. പാവപ്പെട്ട കുടുംബം ഉപജീവന മാർഗമായി നടത്തിവരുന്ന ചെറിയ കടയാണ് നഷ്ട പരിഹാരം നൽകി പൊളിച്ചു മാറ്റി റോഡിന്റെ വികസനത്തിന് തടസമല്ലാത്ത ഭാഗത്തേക്ക് മാറ്റുന്നത്.
എന്നാൽ, കട പൊളിച്ചു മാറ്റപ്പെടുന്ന സ്ഥലം പൊതു മരാമത്ത് വകുപ്പിന് വിട്ടുകിട്ടിയാലാണ് വീതി വർധിപ്പിച്ചു ടാർ ചെയ്ത് വളവ് നിവർക്കാൻ സൗകര്യം ഒരുക്കാൻ സാധിക്കുകയെന്ന് പൊതു മരാമത്ത് വകുപ്പ് എരുമേലി സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു. പട്ടയമില്ലാത്ത സ്ഥലം ആയതിനാൽ വിട്ടു നൽകാൻ ആധാര രജിസ്ട്രേഷൻവഴി നിയമപരമായി സാധിക്കില്ല. ഈ ഭൂമി വിട്ടുകിട്ടുന്നതിന് പ്രത്യേകമായി സർക്കാർ ഉത്തരവുണ്ടായാൽ മരാമത്ത് വകുപ്പിന് കാര്യങ്ങൾ എളുപ്പമാകും.
Tags : Nattuvishesham DistrictNews DeepikaNews Locals provided