ലോക മാസ്റ്റേഴ്സ് മീറ്റിൽ 80 മീറ്റർ ഹർഡിൽസിൽ ലഭിച്ച സ്വർണമെഡലുമായി എം.ജെ. ജേക്കബ്.
കൂത്താട്ടുകുളം: ലോക മാസ്റ്റേഴ്സ് മീറ്റിൽ മുൻ എംഎൽഎ എം.ജെ. ജേക്കബിന് ഇരട്ട സ്വർണം ഉൾപ്പെടെ നാല് മെഡൽ. ദക്ഷിണ കൊറിയയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ മത്സരിച്ച നാലിനങ്ങളിലും മെഡൽ നേടിയാണ് എം.ജെ. ജേക്കബ് രാജ്യത്തിനഭിമാനമായത്. 80, 200 മീറ്റർ ഹാർഡിൽസ് എന്നിവയിൽ സ്വർണവും ലോംഗ്ജംപ്, 200 മീറ്റർ ഓട്ടം എന്നിവയിൽ വെങ്കലവുമാണ് കരസ്ഥമാക്കിയത്.
ദക്ഷിണ കൊറിയയിലെ ദെഗുവിലാണ് മത്സരങ്ങൾ. എൺപത്തഞ്ചുകാരനായ എം.ജെ. ജേക്കബ് ആറാം തവണയാണ് ലോക മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ ടീമിന്റെ റിലേയിലും പങ്കെടുക്കാൻ സാധ്യതയുണ്ട്. റിലേ ടീമംഗങ്ങളെ നിശ്ചയിക്കുന്നത് മത്സരക്കളത്തിലാണ്.
ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രേലിയ, ഫിൻലാൻഡ്, അമേരിക്ക എന്നിവിടങ്ങളിലെ ലോക മീറ്റുകളിലും എം.ജെ. മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഇക്കുറി 105 രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുക്കുന്നുണ്ട് കഴിഞ്ഞ ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ രണ്ട് സ്വർണവും രണ്ടു വെള്ളിയും ഉൾപ്പെടെ നാലു മെഡലുകൾ നേടിയിരുന്നു. ജപ്പാൻ, ചൈന, സിംഗപ്പുർ മലേഷ്യ എന്നിവിടങ്ങളിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പുകളിലും രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകളും സ്ഥാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
Tags : NattuVishesham DistrictNews