പ്രതീകാത്മക ചിത്രം
മേലാറ്റൂർ: ഒലിപ്പുഴയിലെ മിച്ചഭൂമിയിൽ പ്രവർത്തിക്കുന്ന അനധികൃത ചെങ്കൽ ക്വാറിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഎം മേലാറ്റൂർ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഒരു വർഷമായി പ്രവർത്തിക്കുന്ന ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പ്രവർത്തനം നിർത്തിവയ്ക്കാത്തത് പ്രതിഷേധാർഹമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ഇടപെട്ടാണ് ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്പിച്ചത്. തർക്കഭൂമിയിൽ നിയമാനുസൃതമായ രേഖകൾ ഇല്ലാതെയാണ് ക്വാറിയുടെ പ്രവർത്തനം. ഉടമസ്ഥാവകാശത്തെച്ചൊല്ലി ലാൻഡ് ബോർഡിൽ കേസ് നടക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥരുടെ മൗന സമ്മത്തോടെയാണ് ഈ പ്രവൃത്തിയെന്നും സിപിഎം ആരോപിച്ചു. പ്രദേശത്തെ നൂറിലധികം കുടുംബങ്ങൾക്ക് ക്വാറിയുടെ പ്രവർത്തനം കാരണം വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
ക്വാറിയുടെ പ്രവർത്തനം തുടർന്നാൽ നാട്ടുകാർക്കൊപ്പം വർഗബഹുജന സംഘടനകളെ ചേർത്ത് സമരം നടത്തും. ഇതിന്റെ ആദ്യപടിയായി 29ന് വൈകീട്ട് അഞ്ചിന് മേലാറ്റൂർ ടൗണിൽ ഡിവൈഎഫ്ഐ, കർഷകസംഘം, മറ്റ് വർഗബഹുജന സംഘടകളുടെ നേതൃത്വത്തിൽ വിശദീകരണ പൊതുയോഗം നടത്തുമെന്ന് സിപിഎം പ്രവർത്തകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം വി.കെ. റൗഫ്, മേലാറ്റൂർ ലോക്കൽ സെക്രട്ടറി കെ. സുഗുണപ്രകാശ്, വി.ഇ. ശശിധരൻ, കെ.കെ. സിദീഖ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി കെ.എച്ച്. ഹേമന്ത്, പ്രസിഡന്റ് എസ്.പി. ശരത്ത് എന്നിവർ പങ്കെടുത്തു.
Tags : Action needed against quarry on surplus land quarry NattuVishesham DistrictNews