മാന്നാർ: വിദേശത്ത് ജോലിയും വിവാഹവാഗ്ദാനവും നടത്തി നിരവധി പേരിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി മാന്നാർ പോലീസിന്റെ പിടിയിൽ. തൃശൂർ ചാവക്കാട് മുല്ലശേരി പെരുവല്ലൂർ പുതിയ വീട്ടിൽ പൊട്ടിലിങ്ങൽ പി.കെ. സലിമിനെ (48) യാണ് അറസ്റ്റ് ചെയ്തത്.
2025ൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ചെങ്ങന്നൂർ പോലിസ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ വാർത്തയും പ്രതിയുടെ ചിത്രവും പത്രമാധ്യമങ്ങളിൽ വന്നത് ശ്രദ്ധയിൽപ്പെട്ട മാന്നാർ സ്വദേശികളായ രണ്ടു പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ മാട്രിമോണിയിൽ വരനെ തേടിയുള്ള പരസ്യങ്ങളിൽനിന്നു യുവതികളുടെ വിവരങ്ങൾ ശേഖരിച്ച് അവരുമായി ഫോണിൽ ബന്ധപ്പെടുകയും തുടർന്ന് അവരുടെ കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ച് വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്ന ഇയാൾ വിവാഹവാഗ്ദാനം നൽകുന്നതിനൊപ്പം അവരുടെ ബന്ധുക്കൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയെടുക്കുകയുമാണ് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.
വിവാഹമോചനം നേടി പുനർവിവാഹത്തിന് പരസ്യം നൽകുന്ന സ്ത്രീകളെയാണ് ഇയാൾ തട്ടിപ്പിനായി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സ്ത്രീകളെ പരിചയപ്പെടുന്നതിനും അവരുമായി അടുപ്പത്തിലാകുന്നതിനും വേണ്ടി കണ്ണൻ എന്ന വ്യാജ പേരാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലിസ് വിശദമായി പരിശോധിച്ചതിൽനിന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയിലായി ലക്ഷത്തോളം ഫോളോവേഴ്സുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
വാഗ്ദാനം ചെയ്ത ജോലിയോ വിവാഹമോ നടക്കാതെ വരുമ്പോൾ, മുൻപ് അയച്ച സന്ദേശങ്ങൾ ഉയർത്തിക്കാട്ടി ഇരകളെ ഭീഷണിപ്പെടുത്തുന്നതാണ് ഇയാളുടെ രീതി. മാന്നാർ, ചെങ്ങന്നൂർ, തൃക്കുന്നപ്പുഴ തുടങ്ങി വിവിധ പോലിസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ സമാനമായ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
മാന്നാർ പോലിസ് ഇൻസ്പെക്ടർ എസ്.വി. ബിജു, സബ് ഇൻസ്പെക്ടർ ഇ.എസ്. ഷൈജ, എഎസ്ഐ രജിത, സീനിയർ സിപിഒ ഷിജു എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.