ചെങ്ങന്നൂർ: കല്ലിശേരി റെയിൽവേ പാലത്തിനു സമീപം പമ്പാനദിയിൽനിന്ന് ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയ മനുഷ്യശരീരാവശിഷ്ടങ്ങൾ പുരുഷന്റേതാണെന്നും ഇയാൾക്ക് ആറടിയോളം ഉയരമുണ്ടെന്നും പ്രാഥമിക നിഗമനം. കണ്ടെടുത്ത തുടയെല്ലിന്റെ നീളം പരിശോധിച്ചാണ് പോലീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നതെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ പറഞ്ഞു. വർഷങ്ങളുടെ പഴക്കമുള്ളതാണ് ഈ അസ്ഥികൂടമെന്നാണ് കരുതുന്നത്.
കല്ലറകൾ തുറന്നതായി സംശയം; അന്വേഷണം സെമിത്തേരികളിലേക്ക്
അസ്ഥികൾക്കൊപ്പം ചാക്കിനുള്ളിൽനിന്നു ലഭിച്ച തെളിവുകളാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുന്നത്. ക്രൈസ്തവ ആചാരപ്രകാരം മൃതദേഹം സംസ്കരിക്കുന്ന സമയത്ത് ഉപയോഗിക്കുന്നതരം തുണി, ഹിന്ദു ആചാരപ്രകാരം ഉപയോഗിക്കുന്ന മഞ്ഞപ്പട്ട്, ശവപ്പെട്ടിയുടേതെന്നു സംശയിക്കുന്ന ലോഹനിർമിതമായ പിടി എന്നിവ ചാക്കിനുള്ളിൽ കണ്ടെത്തിയിട്ടുണ്ട്.
വ്യത്യസ്ത ആചാരങ്ങളിൽ ഉപയോഗിക്കുന്ന തുണികൾ ഒരുമിച്ചു കണ്ടെത്തിയത് അന്വേഷണം വഴിതെറ്റിക്കാനുള്ള ബോധപൂർവമായ ശ്രമമാണോ എന്നു പോലീസ് സംശയിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ, ഏതെങ്കിലും കല്ലറയിൽനിന്ന് മൃതദേഹം പുറത്തെടുത്ത് നദിയിൽ തള്ളിയതാണോ, അതോ പുരയിടങ്ങളിലെ മണ്ണു മാറ്റിയപ്പോൾ ലഭിച്ച പഴയ ശരീരാവശിഷ്ടങ്ങൾ ആരും കാണാതെ ചാക്കിൽക്കെട്ടി നദിയിൽ ഉപേക്ഷിച്ചതാണോ എന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചയുടൻ ചെങ്ങന്നൂർ പരിസരപ്രദേശങ്ങളിലെയും പത്തനംതിട്ട ജില്ലയിലെയും സെമിത്തേരികൾ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. അടുത്തകാലത്തായി കല്ലറകൾ തുറന്നു മൃതദേഹം മാറ്റുകയോ, അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് പ്രധാനമായും പരിശോധിക്കും.
ചൂണ്ടയിൽ കുടുങ്ങിയത് തലയോട്ടിയും അസ്ഥികളും
ചൊവ്വാഴ്ച വൈകിട്ടാണ് കല്ലിശേരി പാലത്തിനു താഴെ ചൂണ്ടയിടാനെത്തിയ യുവാക്കളുടെ ചൂണ്ടയിൽ സംശയാസ്പദമായ രീതിയിൽ ഒരു ചാക്ക് കുടുങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉള്ളിൽ തലയോട്ടിയും അസ്ഥികളും അടങ്ങിയ മനുഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഡിഎൻഎ പരിശോധന നിർണായകം
ശാസ്ത്രീയമായ തെളിവുകളിലൂടെ മാത്രമേ കേസിൽ വ്യക്തത വരുത്താനാകൂ എന്നു പോലീസ് വ്യക്തമാക്കുന്നു. തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തുന്ന ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ മരിച്ച വ്യക്തിയുടെ പ്രായം, എത്ര നാളായി മരിച്ചിട്ട് എന്നീ കാര്യങ്ങളിൽ കൃത്യമായ സ്ഥിരീകരണം സാധ്യമാകൂ എന്നു ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു. സംഭവത്തിനു പിന്നിൽ എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന കാര്യവും പോലീസ് സമാന്തരമായി അന്വേഷിക്കുന്നുണ്ട്.
Tags : nattu vishesham Man's skeleton Pampa