മാനത്തൂര്‍: കരിങ്കുന്നം-മണിയാക്കുംപാറ-മാനത്തൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍.
മണിയാക്കുംപാറയിലുള്ള പാറമട ക്രഷര്‍ യൂണിറ്റില്‍ രാപകല്‍ നൂറുകണക്കിന് ടോറസ് ലോറികള്‍ പെര്‍മിറ്റ് ലോഡിന്റെ പതിന്മടങ്ങ് കല്ലുമായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ഓടുന്നുണ്ടായിരുന്നു. അന്‍പത് ടണ്ണിന് മുകളില്‍ ഭാരം വരുന്ന ഈ ടോറസുകള്‍ ഓടാനുള്ള ടാറിംഗ് ഇല്ലാത്ത പഞ്ചായത്ത് റോഡാണിത്. വാഹനങ്ങളുടെ അമിത ഭാരം കയറ്റിയുള്ള ഓട്ടം മൂലം മാനത്തൂര്‍ ഭാഗത്ത് കലുങ്ക് ഇടിഞ്ഞുതാണു. ഇവിടെ പ്രദേശവാസികള്‍ അപായസൂചനാബോര്ഡ് സ്ഥാപിച്ചിട്ടുണ്ട്.
മാനത്തൂര്‍, മറ്റത്തിപ്പാറ നിവാസികളുടെ ഏക സഞ്ചാരമാര്‍ഗമായ പാലാ-തൊടുപുഴ ഹൈവേ റോഡിലേക്ക് പ്രവേശിക്കുന്ന മാനത്തൂര്‍ സ്കൂളിന്റെ അടുത്തുള്ള ഇരുവേലിക്കുന്നേല്‍ തോടിന്റെ പാലമാണ് ഇടിഞ്ഞുതാഴുന്നത്.
പഞ്ചായത്ത് റോഡുകളില്‍ ഭാരവാഹനങ്ങള്‍ പോകുന്നതിന് നിയന്ത്രണമുള്ളതിനാല്‍ പാറമടകളെ സഹായിക്കാനായി ഈ റോഡ് കടനാട് പഞ്ചായത്ത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഏറ്റെടുക്കാന്‍ തയാറായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. നിരവധി സ്കൂള്‍ ബസുകളും പ്രദേശത്തെ ടൂറിസം മേഖലയായ പാമ്പനാല്‍ വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരികളും നിത്യേന സഞ്ചരിക്കുന്ന റോഡാണിത്. റോഡ് സഞ്ചാരയോഗ്യമാക്കി പ്രദേശവാസികളുടെയും വിദ്യാര്‍ഥികളുടെയും സഞ്ചാരികളുടെയും ദുരിതം പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : nattu vishesham Manathur-Maniyakumpara road collapses