സുൽത്താൻ ബത്തേരി: കേരളത്തിൽ പ്രത്യേകിച്ച് വയനാട്ടിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ നിന്നും മനുഷ്യജീവനും കൃഷിയിടങ്ങളും സംരക്ഷിക്കാൻ ഭരണാധികാരികളുടെയും വനംവകുപ്പിന്റെയും പ്രസ്ഥാവനകളല്ല ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടതെന്ന് കത്തോലിക്കാ കോണ്ഗ്രസ് മാനന്തവാടി രൂപത പ്രവർത്തകസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കേവലമായ സമാശ്വാസവും താത്കാലിക ജോലിയുമല്ല സംരക്ഷണമാണ് മനുഷ്യജീവന് നൽകേണ്ടത്. ഇതിൽ വനം വന്യജീവി വകുപ്പ് നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ട് മനുഷ്യന് ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഇന്നുള്ളത്. കർഷകരാണ് ഇതുകൊണ്ട് ബുദ്ധിമുട്ടുന്നത്. വാഴയും നെല്ലും കമുകും തെങ്ങും അങ്ങനെ എല്ലാ കാർഷിക വിളകളും വന്യമൃഗങ്ങൾ നശിപ്പിക്കുന്നു.
കൃഷി ചെയ്ത് കർഷകർക്ക് ജീവിക്കാൻ സാധിക്കുന്നില്ല. വനംവകുപ്പ് അഴിമതിയുടെ കൂത്തരങ്ങായി മാറി. പുതിയ വനം മന്ത്രിക്ക് മുൻകാലങ്ങളെ പോലെ തെറ്റായ ഉപദേശമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നത്.
മനുഷ്യജീവന് സംരക്ഷണം ലഭിക്കുന്ന രീതിയിൽ വന്യജീവി സംരക്ഷണം നടത്തുന്നതിനുള്ള വിശദമായ പഠന റിപ്പോർട്ട് കത്തോലിക്കാ കോണ്ഗ്രസ് വനം മന്ത്രിക്ക് നൽകും. വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ സമാശ്വാസധനം നൽകുക, വനാതിർത്തിയിൽ താമസിക്കുന്നവരെ ഒരുകോടി രൂപയ്ക്ക് സർക്കാർ പ്രീമിയം അടച്ച് ഇൻഷ്വർ ചെയ്യുക, നശിപ്പിക്കപ്പെടുന്ന കൃഷിക്ക് ഉത്പാദനച്ചെലവിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുക, കാലഹരണപ്പെട്ട നഷ്ടപരിഹാര നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, നഷ്ടപരിഹാരം എംഎസി രൂപത്തിൽ നൽകുക, കാടും നാടും വേർതിരിക്കാൻ സംരക്ഷണവേലി കാലോചിതമായി പരിഷ്കരിക്കുക, വനംവകുപ്പിന് പ്രത്യേക എൻജിനീയറിംഗ് വിംഗ് രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 22ന് മാനന്തവാടി ഡിഎഫ്ഒ ഓഫീസിനു മുന്നിൽ സമരം നടത്താനും പ്രവർത്തകസമിതി യോഗം തീരുമാനിച്ചു.
രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെനിൽ കഴുതാടിയിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ.പി. സാജു കൊല്ലപ്പള്ളി, ഗ്ലാഡീസ് ചെറിയാൻ, സജി ഫിലിപ്പ്, സാജു പുലിക്കോട്ടിൽ, റോബി താണിക്കുന്നേൽ, ജോണ്സണ് കുറ്റിക്കാട്ടിൽ, മാത്യു കൊച്ചുതറയിൽ, സേവ്യർ കൊച്ചുകുളത്തിങ്കൽ, സുനിൽ പാലമറ്റം, ചാൾസ് വടാശേരിൽ, മോളി മാമൂട്ടിൽ, ബീന കരുമാംകുന്നേൽ, മെസ്സിന തോട്ടത്തിൽ, അനീഷ് ഓമക്കര, ഡിന്റോ ജോസ്, തോമസ് പട്ടമന എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരത്തിനാൽ ജോർജിന്റെ ഭൂമിപ്രശ്നത്തിൽ അദ്ദേഹത്തിന് അനുകൂലമായി വനം വകുപ്പ്നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Tags : nattu vishesham Wildlife attacks Catholic Congress