മാന്നാർ: അറുപതാമത് മാന്നാർ മഹാത്മാ ജലോത്സവം ഓഗസ്റ്റ് 24ന് പമ്പയാറ്റിലെ കുര്യത്തുകടവിൽ നടക്കും. അറുപതിൽപരം കളിവള്ളങ്ങൾ പങ്കെടുക്കുന്ന ജലോത്സവത്തിൽ ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ, കമ്പനി വള്ളങ്ങൾ, പള്ളിയോടങ്ങൾ തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ, അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എംപിമാർ, എംഎൽഎമാർ, ചലച്ചിത്രതാരങ്ങൾ, സാംസ്കാരിക നായകർ എന്നിവർ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.
ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജലോത്സവത്തിന് മുന്നോടിയായി വിവിധ പരിപാടികൾ നടത്തിക്കൊണ്ട് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ കലാ-കായിക സാംസ്കാരിക പരിപാടികൾ നടത്തും. നാടൻ പാട്ട്, വഞ്ചിപ്പാട്ട്, നാടൻ കലകളുടെ അവതരണങ്ങൾ എന്നിവയും ജലോത്സവത്തോടനുബന്ധിച്ച് നടക്കും. ജലോത്സവ കമ്മിറ്റിയുടെ ജനറൽ കൺവീനർ എൻ. ഷൈലാജിന്റെ അധ്യക്ഷതയിൽ ചേർന്ന ജലോത്സവ കമ്മിറ്റിയാണ് തീരുമാനങ്ങൾ എടുത്തത്. സെക്രട്ടറി ടി.കെ. ഷാജഹാൻ, ഭാരവാഹികളായ അമ്പോറ്റി ചിറയിൽ കെ.പി. സോമരാജൻ, രവി തൈച്ചിറ ഐപ്പ് ചക്കിട്ട, ജോസ് വടക്കേമുണ്ടകത്തിൽ, അജോയ് കടപ്പിലാരിൽ, ബ്ലസൻ ചിറയിൽ, മോൻ തുണ്ടിയിൽ, സുരേഷ് മറുകര, ജെയിംസ് ചിറയിൽ, വിനോദ് മണലേൽ, കിഴക്കേൽ ബൈജു എന്നിവർ പ്രസംഗിച്ചു.