പ്രതീകാത്മക ചിത്രം
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്രതിനിധി മണ്ഡല യോഗം നാളെ മുതൽ 29 വരെ തിരുവല്ലയിലെ ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. 2026-29 കാലയളവിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സഭാ പ്രതിനിധി മണ്ഡലത്തിന്റെ ആദ്യ സമ്മേളനമാണിത്. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിക്കും. സഫ്രഗൻ മെത്രാപ്പോലീത്തമാരും എപ്പിസ്കോപ്പമാരും സഭാ സ്ഥാനികളും സഭാ കൗൺസിൽ അംഗങ്ങളും മണ്ഡലയോഗത്തിൽ പങ്കെടുക്കും.
നാളെ രാവിലെ പത്തിന് ആരാധനയോടെ സമ്മേളനം ആരംഭിക്കും. തുടർന്ന് സോണിയ ജോർജ് ധ്യാനപ്രസംഗം നടത്തും. സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ 2025-26 വർഷത്തെ സഭയുടെ വാർഷിക റിപ്പോർട്ടും സഭയുടെയും സഭാ സ്ഥാപനങ്ങളുടെയും കണക്കുകളും അവതരിപ്പിക്കും. 2026-27 വർഷത്തെ ബജറ്റ് അല്മായ ട്രസ്റ്റി അൻസിൽ സക്കറിയ കോമാട്ട് അവതരിപ്പിക്കും.
തുടർന്ന് ചോദ്യോത്തരവും വിവിധ വിഷയങ്ങളിലുള്ള ചർച്ചകളും നടക്കും. മണ്ഡലയോഗത്തോടനുബന്ധിച്ച് സംഘർഷഭരിത ലോകത്തിലെ സമാധാന നിർമിതി എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക പഠനവും ചർച്ചകളും നടക്കും.
28നു രാവിലെ എട്ടിന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വിശുദ്ധ കുർബാന ഉണ്ടാകും. തുടർന്ന് മണ്ഡലയോഗത്തിന്റെ വിവിധ സമ്മേളനങ്ങളും പഠന-ചർച്ചകളും തുടരും. 29-ന് ഉച്ചകഴിഞ്ഞ്, കൗൺസിൽ അംഗങ്ങളുടെ വോട്ടെണ്ണൽ.
Tags : Nattuvishesham DistrictNews DeepikaNews