പ്രതീകാത്മക ചിത്രം
ആലപ്പുഴ: ഓണവിപണിയിലെ അവശ്യസാധനങ്ങളുടെ അസ്വാഭാവിക വിലവര്‍ധന നിയന്ത്രിക്കുന്നതിനും വിലനിലവാരം ഏകീകരിക്കാനും കരിഞ്ചന്ത, പൂഴ്ത്തി വയ്പ്പ് എന്നിവ തടയാനും പൊതുവിപണി പരിശോധന ശക്തമാക്കുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്ക്വാഡ് രൂപീകരിച്ചു. ഭക്ഷ്യപൊതുവിതരണം, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി, റവന്യൂ, പോലീസ് വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലാ/താലൂക്കുതല സംയുക്ത സ്ക്വാഡ് രൂപീകരിച്ചു. പൊതുവിപണി പരിശോധന കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുതൽ സംയുക്ത സ്ക്വാഡ് ജില്ലയിൽ പരിശോധനകൾ ആരംഭിച്ചു. 29 സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പരിശോധന നടത്തി.
അമിതവില ഈടാക്കാതിരിക്കാനും പൊതുജനങ്ങള്‍ കാണത്തക്കവിധത്തില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിനും വില ഏകീകരിക്കുന്നതിനും വ്യാപാരികള്‍ക്ക് സ്ക്വാഡ് നിര്‍ദേശം നല്കി. അമിത വില ഈടാക്കുകയും വിലവിവരപ്പട്ടിക പ്രദര്ശിപ്പിക്കാത്തതുമായ വ്യാപാരികള്‍ക്കെതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനാ വേളയിൽ താക്കീത് നല്കി. തുടർദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും സ്ക്വാഡ് അറിയിച്ചു.
പാചക വാതക സിലിണ്ടർ നിയന്ത്രണം പിൻവലിച്ചിട്ടും ജില്ലയിലെ ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഹോട്ടലുകളിലും, ബേക്കറികളിലും കൃത്യമായി വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടതുണ്ട്. നിശ്ചിത വിലയിലും അധികമായി മറ്റു ചാർജുകൾ ഈടാക്കുന്നത് നിയമവിധേയമല്ലാത്തതിനാൽ ഇതുസംബന്ധിച്ച് പരാതികളുണ്ടായാൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പഴം, പച്ചക്കറി, പലചരക്ക് വില്പന കേന്ദ്രങ്ങളിലും മത്സ്യ മാർക്കറ്റുകളിലും ഉപഭോക്താക്കൾ കാണത്തക്ക വിധം വില വിവരപട്ടിക പ്രദർശിപ്പിക്കണമെന്നും മൊത്ത പലചരക്ക് സ്ഥാപനങ്ങൾ സ്റ്റോക്ക് ബോർഡ് പ്രദർശിപ്പിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. ഹോട്ടലുകളിലും ബേക്കറികളിലും മറ്റ് സ്ഥാപനങ്ങളിലും ഗാർഹിക സിലിണ്ടറുകൾ ദുരുപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സിലിണ്ടറുകൾ കണ്ടുകെട്ടി പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ഒരു താലൂക്കിൽ തന്നെയുള്ള വിവിധ മാർക്കറ്റുകളിൽ ഒരേ സാധനങ്ങൾക്ക് പ്രകടമായ വിലവ്യത്യാസം ശ്രദ്ധയിൽപ്പെടുന്ന പക്ഷം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ഓണത്തിന്മുന്നോടിയായി പ്രധാന മാർക്കറ്റുകളിൽ ജില്ലാ കളക്ടർ നേരിട്ട് പരിശോധനകൾ നടത്തുമെന്നും 25 വരെ ജില്ലാ/താലൂക്കുതല സംയുക്ത സ്കാഡ് പരിശോധന കര്‍ശനമായി തുടരുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.