മിനി ബൈപാസിലെ അപകടക്കുഴി.
നിലമ്പൂര്‍: ബസ് സ്റ്റാന്‍ഡില്‍നിന്ന് ജ്യോതിപ്പടിയിലേക്ക് ചേരുന്ന നിലമ്പൂര്‍ മിനി ബൈപാസ് തകര്‍ന്നടിഞ്ഞ നിലയില്‍. റോഡിന്റെ ചില ഭാഗങ്ങളില്‍ ഇന്റര്‍ ലോക്ക് കട്ട പതിച്ചിട്ടുണ്ട്. മറ്റിടങ്ങളിലെ ടാറിംഗും കോണ്‍ക്രീറ്റുമാണ് പൊട്ടിപൊളിഞ്ഞത്.
ഇതോടെ റോഡില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് വലിയ അപകട സാധ്യതയാണ്. റോഡിലെ അപകടകരമായി നില്ക്കുന്ന കമ്പി മറ്റൊരു പ്രശ്നമാണ്. ഇരുചക്ര വാഹനങ്ങളോ മറ്റു ചെറിയ വാഹനങ്ങളോ കമ്പിയില്‍ കുത്തിയാല്‍ അപകട സാധ്യത കൂടുതലാണ്. കൂര്‍ത്ത് നില്ക്കുന്ന കമ്പി വലിയ വാഹനങ്ങള്‍ക്കും ഭീഷണിയാണ്.
അതേസമയം മിനി ബൈപാസ് തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്ന് ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ വഴി മാറിപ്പോകുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. ബസ് സ്റ്റാൻഡില്‍നിന്ന് മഞ്ചേരി, പെരിന്തല്‍മണ്ണ ഭാഗത്ത് ഭാഗത്തേക്കുള്ള ബസുകളും ഈ ഭാഗത്തുനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ളബസുകളും മിനി ബൈപാസ് വഴിയാണ് പോകേണ്ടത്.
എന്നാല്‍ റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് ഈ ബസുകളെല്ലാം മിനി ബൈപാസില്‍നിന്ന് മില്‍മ ബൂത്ത് ജംഗ്ഷനിലേക്ക് വന്നാണ് കെഎന്‍ജി റോഡിലേക്ക് കയറുന്നത്. വഴിക്കടവ്, പോത്തുകല്ല്, പൂക്കോട്ടുംപാടം, കരുളായി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഈ വഴി തന്നെയാണ് ഉപയോഗിക്കുന്നത്.