മന്ത്രി സണ്ണി ജോസഫ് കല്യോട്ട് രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തിൽ പ്രാർഥന നടത്തുന്നു.
പെരിയ: കെപിസിസി പ്രസിഡന്റും വൈദ്യുതി-പാർലമെന്ററികാര്യ മന്ത്രിയുമായ സണ്ണി ജോസഫ് കല്യോട്ട് രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി.
ശരത് ലാലിന്റെയും കൃപേഷിന്റെയും ക്രൂരമായ കൊലപാതകം നടത്തിയ പ്രതികൾക്ക് വഴിവിട്ട സഹായമാണ് സിപിഎം ചെയ്തുനൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികളെ കേസിൽ നിന്നും രക്ഷപ്പെടുത്തുന്നതിനുവേണ്ടിയും പരോൾ നേടിയെടുക്കുന്നതിനുവേണ്ടിയും ഇടതു സർക്കാർ ജുഡീഷ്യറിക്ക് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള നടപടികൾ കൈക്കൊണ്ടു. ഇനി ഇക്കൂട്ടർക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതിനാവശ്യമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, നേതാക്കളായ എം.സി. പ്രഭാകരൻ, ബി.പി. പ്രദീപ് കുമാർ, പി.വി. സുരേഷ്, ഡോ.കെ.വി. ശശിധരൻ, ധന്യ സുരേഷ്, രാജൻ അരീക്കര, എം.കെ. ബാബുരാജ് എന്നിവർ സംബന്ധിച്ചു.