മുട്ടാര് പഞ്ചായത്തിലെ ആളുകളെ ടിപ്പറില് കയറ്റി മാറ്റുന്നതിന് റെജി ചെറിയാന് എംഎല്എ നേതൃത്വം നൽകുന്നു
24 മണിക്കൂറും എംഎല്എ ഓഫീസ് പ്രവർത്തിക്കും
എടത്വ: വെള്ളപ്പൊക്കത്തെ തുടര്ന്ന് കുട്ടനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള് റെജി ചെറിയാന് എംഎല്എ സന്ദര്ശിച്ചു. വെള്ളപ്പൊക്ക ദുരിതം നേരിടുന്ന മുട്ടാര്, രാമങ്കരി, എടത്വ, തലവടി, വീയപുരം, മാമ്പുഴക്കരി എന്നീ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള് എംഎല്എ സന്ദര്ശിച്ചു. മുട്ടാറിലെ ക്യാമ്പിലേക്ക് എംഎല്എ എത്തുന്നതിനിടയില് വള്ളം അപകടത്തില്പെട്ടെങ്കിലും എംഎല്എയും ഒപ്പമുള്ളവരും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. മുട്ടാറില് ടിപ്പര് ലോറി എത്തിച്ച് നിരവധി ആളുകളെ അതില് കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. മുട്ടാറിലും വീയപുരത്തും ക്യാമ്പുകളില് ആവശ്യത്തിന് സാധനങ്ങള് എത്താഞ്ഞതിനെ തുടര്ന്ന് എംഎല്എ ഇടപെട്ട് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ക്യാമ്പിലേക്ക് വേണ്ട സാധനങ്ങളും വസ്ത്രങ്ങളും എത്തിക്കുകയും ചെയ്തിട്ടുണ്ട്.
ക്യാമ്പില് കഴിയുന്ന കുടുംബങ്ങളുമായി നേരിട്ട് സംസാരിച്ച എംഎല്എ അവരുടെ ആവശ്യങ്ങളും നിലവിലെ സൗകര്യങ്ങളും വിലയിരുത്തുന്നതിനൊപ്പം, അവരുടെ സങ്കടങ്ങള് കേട്ടറിഞ്ഞ് ആശ്വാസവാക്കുകളും നല്കുന്നുണ്ട്. ക്യാമ്പില് കഴിയുന്നവര്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്ക്കാര് തലത്തില് ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. രാമങ്കരിയിലെ ക്യാമ്പില് വെള്ളം കയറിയതിനെ തുടര്ന്ന് ക്യാമ്പ് തിരുവമ്പാടിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ തോട്ടപ്പള്ളിയിലെത്തിയ എംഎല്എ ഇവിടെ അടിഞ്ഞുകൂടിയ മാലിന്യങ്ങള് അടിയന്തിരമായി മാറ്റാനുള്ള നടപടികള് സ്വീകരിക്കുകയും മടവീഴ്ച നേരിടുന്ന പാടശേഖരങ്ങള്ക്കായി ഏഴ് ലോഡോളം മണ്ണ് നെടുമുടി, കൈനകരി ഭാഗങ്ങളിലായി എത്തിക്കുകയും ചെയ്തിട്ടുണ്ട്.
എസി കനാലിലെ പാലങ്ങളില് അടിഞ്ഞ് കൂടിയ മാലിന്യങ്ങള് നീക്കം ചെയ്യുന്നുണ്ടെങ്കിലും വീണ്ടും മാലിന്യങ്ങള് വന്ന് അടിഞ്ഞ് കൂടിക്കൊണ്ടിരിക്കുന്നത് വലിയ വെല്ലുവിളിയായിട്ടുണ്ട്. ദുരിതബാധിതര്ക്ക് വേണ്ട സഹായങ്ങള് എത്തിക്കാനായി 24 മണിക്കൂറും എംഎല്എ ഓഫീസും പ്രവര്ത്തിക്കുന്നുണ്ട്.